ബാലുശ്ശേരി: കോട്ടൂർ പഞ്ചായത്തിലെ പാലോളിയിൽ നിരപരാധികളായ മുസ്ലീംലീഗ് പ്രവർത്തകരെ വേട്ടയാടുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് മുസ്ലീംലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജിഷ്ണുവിനെ മർദ്ദിച്ചു എന്നാരോപിച്ച് കണ്ണിൽ കാണുന്ന മുസ്ലീംലീഗ്
പ്രവർത്തകരെയെല്ലാം വീട് കയറി അറസ്റ്റുചെയ്യുന്ന നടപടി പൊലീസ് അവസാനിപ്പിച്ച് യഥാർത്ഥ പ്രതികളെ പിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സി.പി.എം. നൽകുന്ന ലിസ്റ്റ് പ്രകാരമാണ് പൊലീസ് ലീഗ് പ്രവർത്തകരെ വേട്ടയാടുന്നത്. ഇത് അവസാനിപ്പിച്ച് യഥാർത്ഥ പ്രതികളെ പിടികൂടാൻ തയാറായില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
മുസ്ലീംലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്, സെക്രട്ടറി എം. പോക്കർ കുട്ടി, കോട്ടൂർ പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡന്റ് എം.പി.ഹസ്സൻ കോയ, സെക്രട്ടറി കെ.അബ്ദുൾ മജീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.