news
വെള്ളം കയറിയ പൂളക്കൂൽ, പള്ളിയത്ത് റോഡ്

കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്തിലെ പൂളക്കൂൽ, പള്ളിയത്ത് റോഡിന് സമീപത്തെ ഓവുചാൽ മണ്ണ് മൂടി ഇല്ലാതായതോടെ റോഡിൽ വെള്ളം കെട്ടികിടക്കുകയാണ്. പാതയുടെ ഇരുവശങ്ങളിലെ പറമ്പുകളിൽ നിന്നും മറ്റും ഒഴുകി വരുന്ന മഴവെള്ളം റോഡിൽ കെട്ടികിടക്കുന്നത് റോഡിന് ഭീഷണിയാവുകയാണ്. ഓവുചാലുകളിലെ മണ്ണ് മാറ്റിയിട്ട് കാലങ്ങളായി. മിക്ക ഭാഗങ്ങളിലും കാട്ട് ചെടികളും,പുല്ലുംവളർന്നിരിക്കുകയാണ്. കാൽനടയാത്രക്കാർക്കും ചെറിയ വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും ഏറെ പ്രയാസമുണ്ടാവുകയാണ്. വേഗതയിലെത്തുന്ന വാഹനങ്ങൾ അടുത്തെത്തിയാൽ മാറി നിൽക്കാൻ കളിയാത്ത സ്ഥിതിയാണ്.പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വില്ലേജ് ഓഫീസ്, ബാങ്കുകൾ, മറ്റ് വാണിജ്യകേന്ദ്രങ്ങളിലേക്കും എത്തുന്ന നിരവധി ജീവനക്കാർ, വിദ്യാർത്ഥികൾ ഉൾപെടെ യാത്ര ചെയ്യുന്നത് ഇതുവഴിയാണ്. ജലാശയങ്ങളും വയലുകളാലും ചുറ്റപ്പെട്ട വേളം ഗ്രാമപഞ്ചായത്തിൽ മഴ പെയ്താൽ റോഡ് വെള്ളത്തിലാണ്. വികസനം കൈയെത്തും ദൂരത്ത് എന്ന് പറഞ്ഞ് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന വിവിധ പദ്ധതികളും ഫണ്ടുകളും ഉണ്ടെന്ന് പറയുമ്പോഴും ആവശ്യമുള്ള കേന്ദ്രങ്ങളിൽ ആവശ്യമായ കാര്യങ്ങൾ എന്ന് നടപ്പിലാവും എന്ന സംശയത്തിലാണ് ജനങ്ങൾ.