മുക്കം: കുടുംബം പോറ്റാൻ പതിറ്റാണ്ടുകളായി റേഷൻകട നടത്തുന്ന നൂറുകണക്കിനാളുകൾ മാനദണ്ഡത്തിന്റെ പേരിൽ
തൊഴിൽരഹിതരാക്കാൻ പോകുന്നു. 15 വർഷം മുതൽ 25 വർഷം വരെ ജോലി ചെയ്തവരാണ് ഇവരിൽ ഏറെയും. ജില്ലയിൽ നാലു താലൂക്കുകളിലായി 71 പേർ പുറത്താവും. ഇവർ ഇപ്പോൾ ജോലി ചെയ്യുന്ന റേഷൻ കടകളിൽ പുതിയ ലൈസൻസികളെ നിയമിക്കുന്നതിന് കോഴിക്കോട് ജില്ല സപ്ലൈ ഓഫീസർ അപേക്ഷ സ്വീകരിച്ചു. 43 കടകളിൽ പട്ടികജാതിക്കാരെയും 28 എണ്ണത്തിൽ ഭിന്നശേഷിക്കാരെയുമാണ് നിയമിക്കുന്നത്. 2021 ലെ കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബൂഷൻ സിസ്റ്റം (കൺട്രോൾ) ഓർഡറിലെ എഫ്. പി. എസ് ലൈസൻസിയെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രകാരമാണ് പുതുതായി അപേക്ഷ
സ്വീകരിക്കുന്നത്.റേഷൻ കട നടത്തിപ്പ് ലാഭകരമല്ലാതായപ്പോൾ ഈ തൊഴിൽ ഏറ്റെടുത്തവരാണ് ഇതോടെ ദുരിതത്തിലാവുന്നത്. നിലവിൽ പ്രതിമാസംവ്യവസ്ഥയിലാണ് ശബളം നൽകുന്നത്. ഇപ്പോൾ പുതുതായി ലൈസൻസിയെ നിയമിക്കാൻ അപേക്ഷ സ്വീകരിച്ച കാരശ്ശേരി പഞ്ചായത്തിലെ എ.ആർ.ഡി 319 ലെ ലൈസൻസി ബിനു പ്രഭാകരൻ 2007 ഡിസമ്പർ മുതൽ ജോലി ചെയ്യുന്നു. മാനദണ്ഡപ്രകാരം നിയമനം നടത്താൻ നൂറുകണക്കിനാളുകളെ കൂട്ടത്തോടെ തൊഴിലിൽ നിന്ന് നീക്കുന്നത് കടുത്ത അന്യായമാണെന്ന് ബിനു പറഞ്ഞു. 599 പേരാണ് ഈ നടപടി മൂലം സംസ്ഥാനത്ത് തൊഴിൽ രഹിതരാവാൻ പോവുന്നത്. ഇവരിൽ പലരും സ്വന്തം നിലയിലും സംഘടന (റേഷൻ എംപ്ലോയീസ് ഫെഡറേഷൻ -എ.ഐ.ടി.യു.സി) മുഖേനയും ഇതിനകം കോടതിയെ സമീപിച്ചു.