വൈത്തിരി: കേരളത്തിന്റെ തനത് ഗോത്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ തിരക്ക്. പ്രവേശന നിരക്ക് ഏർപ്പെടുത്തിയ ജൂൺ 11 മുതൽ 27000 മുതിർന്നവരും 2900 കുട്ടികളുമാണ് പൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദർശിച്ചത്. 14 ലക്ഷം രൂപയാണ് ഇക്കാലയളവിലെ വരുമാനം.
രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 150 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്കുകൾ. ക്യാമറയ്ക്ക് 150 രൂപ ഈടാക്കും.
സഞ്ചാരികൾക്ക് പൂക്കോട് നവോദയ വിദ്യാലയ പരിസരം വരെ സ്വന്തം വാഹനത്തിലെത്താം. അവിടെ നിന്ന് എൻ ഊരിലേക്ക് പ്രത്യേകം വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്.
കുന്നിൻചെരുവിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ജീപ്പ് യാത്ര കഴിഞ്ഞ് സുഗന്ധഗിരി കുന്നിൻ മുകളിലെത്തിയാൽ കോട മഞ്ഞിന്റെ തണുപ്പും ചാറ്റൽ മഴയും നിറഞ്ഞ മനോഹരമായ അന്തരീക്ഷം.
ഒരു കാലത്ത് ഗോത്ര ജനതയുടെ മുഖമുദ്രയായിരുന്ന പുൽവീടുകൾ പുതുതലമുറയ്ക്ക് കൗതുകം പകരുന്നതാണ്. ഓരോ പുൽക്കുടിലിന്റെയും ഇറയത്ത് വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്.
ഗോത്ര വിഭവങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളാണ് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊന്ന്. പൂർണ്ണമായും തനത് ഗോത്രവിഭവങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഗോത്ര ഭക്ഷണശാലകൾ സജ്ജീകരിച്ചിട്ടുണ്ട്.
വിവിധ ഗോത്ര വിഭാഗങ്ങൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ, വനവിഭവങ്ങൾ, പരമ്പരാഗത തനത് കാർഷിക ഉത്പന്നങ്ങൾ, പച്ചമരുന്നുകൾ, മുള ഉത്പന്നങ്ങൾ, ചൂരൽ ഉൽപ്പന്നങ്ങൾ, പാരമ്പര്യ ഔഷധ ചെടികൾ തുടങ്ങിയവ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.
ഗോത്രകലകൾ അവതരിപ്പിക്കുന്ന ഓപ്പൺ എയർ തീയറ്ററും ഫെസിലിറ്റേഷൻ സെന്റർ, വെയർ ഹൗസ് എന്നിവയും ഉണ്ട്. കേരളത്തിൽനിന്നുള്ളവർക്ക് പുറമേ ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമടക്കമുള്ള സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.
വൈത്തിരി പൂക്കോട് സ്ഥിതിചെയ്യുന്ന എൻ ഊരിലേക്ക് ദിനംപ്രതി ആയിരത്തിലധികം സഞ്ചാരികളാണ് എത്തുന്നത്. ജൂൺ നാലിനാണ് ഇത് നാടിന് സമർപ്പിച്ചത്.