കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ഓഫീസിൽ എസ്.എഫ്.ഐ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി മനോജ് എബ്രഹാം ജില്ലയിലെത്തി. സമഗ്രമായ അന്വേഷണത്തിന് ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് സംഭവം നടന്ന സ്ഥലം സന്ദർശിക്കുകയാണ് ആദ്യം ചെയ്യുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സംഭവത്തെ കുറിച്ച് എന്തെങ്കിലും പറയാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് എഡിജിപി ജില്ലയിൽ എത്തിയത്. ആദ്യം ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്തു. കണ്ണൂർ ഡിഐജി രാഹുൽ ആർ. നായർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. എസ്എഫ്‌ഐ പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ സ്ഥലം എഡിജിപി പരിശോധിച്ചു. ഓഫീസ് ജീവനക്കാരുമായും കോൺഗ്രസ് നേതാക്കളുമായും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
രണ്ടു ദിവസം ജില്ലയിൽ തങ്ങുന്ന എഡിജിപി വിവിധ യോഗങ്ങളിൽ പങ്കെടുക്കും. പൊലീസിനുണ്ടായ വീഴ്ച അന്വേഷിക്കുകയാണ് എഡിജിപിയുടെ പ്രധാന ലക്ഷ്യം. സംഭവത്തിൽ കൽപ്പറ്റ ഡിവൈഎസ്പി എം.ഡി സുനിലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമോ എന്നത് എഡിജിപിയുടെ റിപ്പോർട്ട് അനുസരിച്ചിരിക്കും.