കൽപ്പറ്റ: കാൻസർ കെയർ വയനാട്, കാർബൺ ന്യൂട്രൽ വയനാട് തുടങ്ങിയ വേറിട്ട പദ്ധതികളൊരുക്കി വയനാട് ജില്ലാപഞ്ചായത്ത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2022-23 വർഷം വിവിധ മേഖലകളിലായി 30.69 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ രൂപരേഖയായി.

കാൻസർ കെയർ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്രാമ ബ്ലോക്ക് നഗരസഭകളമായി സഹകരിച്ച് സർവ്വെ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. കാൻസർ ചികിൽസയ്ക്ക് ആധുനിക സൗകര്യമൊരുക്കുന്നതിനുളള നടപടികളും പദ്ധതിയിലുണ്ടാകും. മലബാർ കാൻസർ സെന്റർ പദ്ധതിയുടെ നോഡൽ ഏജൻസിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാർബൺ നൂട്രൽ വയനാട് പദ്ധതിയിൽ വിശദമായ പഠനം നടത്തും. വയനാടിന്റെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നും വിശദമായ ചർച്ചയ്ക്ക് ശേഷം രൂപപ്പെടുത്തിയ 137 പദ്ധതികളാണ് രണ്ടാം ഘട്ടം വാർഷിക പദ്ധതികളായി സെമിനാറിൽ അവതരിപ്പിച്ചത്. ഒന്നാം ഘട്ടത്തിൽ സ്പിൽ ഓവർ ഉൾപ്പെടെ 28.57 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഉൽപാദന, വിദ്യാഭ്യാസ മേഖലയ്ക്കാണ് രണ്ടാം ഘട്ട കരട്പദ്ധതി രേഖയിൽ പ്രാധാന്യം നൽകിയത്. ജനറൽ വികസന ഫണ്ടിൽ നിന്നും 12.94 കോടി രൂപയും, പട്ടികജാതി വികസന ഫണ്ടിൽ നിന്ന് 2.04 കോടി രൂപയും, പട്ടിക വർഗ്ഗ വികസന ഫണ്ടിൽ നിന്ന് 8.16 കോടി രൂപയും തനത് ഫണ്ടിൽ നിന്ന് 2.38 കോടി രൂപയും വിവിധ പദ്ധതി അടങ്കലായി വകയിരുത്തിയിട്ടുണ്ട്. മെയ്ന്റനൻസ് ഗ്രാന്റിൽ റോഡ്, റോഡിതര പദ്ധതികൾക്കായി യഥാക്രമം 4.18 കോടി, 40 ലക്ഷം രൂപയുടെ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

നെൽകൃഷിക്കും ക്ഷീര കർഷകർക്കും സബ്സിഡി നൽകാനും നിർദ്ദേശമുണ്ട്.

എല്ലാ വിദ്യാലയങ്ങളിലും ഇന്ററാക്ടീവ് പാനൽ ബോർഡ് ഉൾപ്പെടെയുളള മാതൃകാ സ്മാർട്ട് റൂം ഒരുക്കാനും പെൺകുട്ടികൾക്കായി എല്ലാ സ്‌കൂളുകളിലും റെസ്റ്റ് റൂം ഒരുക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും വായനാ സൗകര്യത്തോടെയുള്ള ലൈബ്രറികളും, ഓൺലൈൻ വായനയും സാധ്യമാക്കും. പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി വൺ ഗെയിം വൺ സ്‌കൂൾ എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. കലാ കായിക മേഖലയിലെ കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിന് ട്രൈബൽ യൂത്ത് എന്ന പേരിൽ ധനസഹായ പദ്ധതി രൂപീകരിക്കും. ഈ വർഷത്തോടെ ജില്ലയിലെ മുഴുവൻ സ്‌കൂളുകളും ആസ്ബസ്റ്റോസ് രഹിതമാക്കാനുളള പദ്ധതിയും സെമിനാറിൽ അവതരിപ്പിച്ചു.

കരട് വികസന രേഖ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിൻ ബേബിക്ക് നൽകി പ്രകാശനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനജോസ് ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എച്ച്.ബി പ്രദീപിന് നൽകി പ്രകാശനം ചെയ്തു. കരട് വികസന രേഖ, കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ തമ്പി അവതരിപ്പിച്ചു. മംഗലശ്ശേരി നാരായണൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. മുൻ വാർഷിക പദ്ധതി നിർവ്വഹണ പുരോഗതി ജില്ലാ പഞ്ചായത്ത് എ.ഒ വി.അലി അവതരിപ്പിച്ചു.