കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് നാലുവരി പാതാ വികസനത്തിനായുള്ള ബാക്കി ഭൂമി ഏറ്റെടുക്കാനുള്ള നടപടി റവന്യുവകുപ്പ് ആരംഭിച്ചു. 8.4 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നിർമ്മിക്കാൻ ഇനി 3.4621 ഹെക്ടർ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. ഇതിനാണ് റവന്യു വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 311 പേരിൽ നിന്നാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്.
വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കാണ് ഭൂമി ഏറ്റെടുക്കുക. സ്ഥലമുടകൾക്ക് വില സ്വീകാര്യമല്ലെങ്കിൽ കോടതിയെ സമീപിക്കാം. സ്ഥലമുടകളും സർക്കാർ പ്രതിനിധിയും തമ്മിൽ ചർച്ച നടത്തി ഒത്തുതീർപ്പ് വ്യവസ്ഥ അനുസരിച്ചാണ് നേരത്തെ ഭൂമി ഏറ്റെടുത്തത്. എന്നാൽ ഒരു വിഭാഗം സ്ഥലമുടമകൾ ഇതിന് തയാറായില്ല. തുടർന്നാണ് അക്വിസിഷൻ നടപടികളിലേക്ക് നീങ്ങിയത്. ഭൂമി അളന്ന് തിളന്ന് തിട്ടപ്പെടുത്തി അതിലെ ഫലവൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയും മൂല്യം അനുസരിച്ചാണ് അന്തിമമായി റവന്യുവകുപ്പ് വില നിശ്ചയിക്കുക. തുടർന്ന് ഉടമകൾ ഭൂമിയുടെ രേഖകളുമായി എത്തി നഷ്ടപരിഹാരം ഏറ്റുവാങ്ങുന്നതോടെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാവും. ഇതിന് ശേഷം ഭൂമി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറും. മറ്റ് കാലതാമസമൊന്നും ഉണ്ടാവുന്നില്ലെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു വർഷത്തിലധികം വേണ്ടിവരും. റോഡ് നിർമാണ നടപടികൾ പൂർത്തിയാക്കാൻ വീണ്ടും സമയമെടുക്കും. എങ്കിലും പദ്ധതി നടപ്പിലാവുമെന്ന് ഉറപ്പായി. സംസ്ഥാന സർക്കാർ സ്ഥലമെടുപ്പിന് പണം അനുവദിച്ചിട്ടും ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കാൻ വൈകുന്നതിനെതിരെ റോഡ് ആക്‌ഷൻ കമ്മിറ്റി രംഗത്തുവന്നിരുന്നു. മെല്ലെപ്പോക്ക് നയം തുടർന്നാൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് സ്കീം അനുസരിച്ചാണ് മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നത്.