കൽപ്പറ്റ: എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ കമ്പനിയുടെ തേയില ഔട്ട്‌ലെറ്റ് പൂട്ടിച്ചു. നാലുമാസമായി ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ചാണ് പെരുന്തട്ട ഡിവിഷനിലെ തൊഴിലാളികൾ ബൈപ്പാസിലെ തേയില ഔട്ട്‌ലെറ്റ് പൂട്ടിച്ചത്. തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് കമ്പനി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.

കമ്പനി നൽകിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള സൂചനാ സമരം ചെയ്യേണ്ടി വന്നതെന്ന് തൊഴിലാളികൾ പറയുന്നു.
തൊഴിലാളികളിൽ നിന്നു പിരിച്ചെടുക്കുന്ന പി എഫ് തുക എട്ടുവർഷമായി കമ്പനി അടയ്ക്കുന്നില്ല.

ഇരുനൂറോളം തൊഴിലാളികളാണ് എസ്റ്റേറ്റിൽ ജോലി ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ്
ശമ്പളം നൽകുന്നത് കമ്പനി സ്ഥിരമായി വൈകിപ്പിക്കുകയാണ്. സർവീസിൽ നിന്നു പിരിഞ്ഞ നിരവധി തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി തുക നൽകിയിട്ടില്ല. തൊഴിലാളി സംഘടനകൾ ഇതിനകം പല സമരപരിപാടികൾ നടത്തിയെങ്കിലും പ്രശ്ന പരിഹാരമായിട്ടില്ല.