corp
കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെയുണ്ടായ കൈയ്യാങ്കളി.

# കോർപ്പറേഷൻ ഓഫീസിനെ വിറപ്പിച്ചത് രണ്ടു മണിക്കൂർ

കോഴിക്കോട്: കോർപ്പറേഷനിൽ അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവം കൗൺസിൽ യോഗത്തെ സമരഭൂമിയാക്കി. കോർപ്പറേഷൻ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണമെന്നും കോടതി മേൽനോട്ടത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയുടെ അടിയന്തര പ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചത്. യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ വെവ്വേറെ പ്ലക്കാർഡുകളും ബാനറും ഉയർത്തി നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. യു.ഡി.എഫ് സെക്രട്ടറിയുടെ രാജിയാവശ്യവും ബി.ജെ.പി സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു പ്രതിഷേധിച്ചത്.

ഡയസിന് മുന്നിലെ പ്രതിഷേധം തുടർന്നതോടെ എൽ.ഡി.എഫ് അംഗങ്ങൾ മേയർ ഡോ. ബീന ഫിലിപ്പിനും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിനും പ്രതിരോധമൊരുക്കാൻ എത്തിയതോട സംഘർഷം കൈയ്യാങ്കളിയിലെത്തുകയായിരുന്നു.

കൗൺസിൽ നടപടികൾ ആരംഭിച്ച അഞ്ച് മിനുട്ടിനുള്ളിൽ തന്നെ പ്രതിഷേധം ആരംഭിച്ചു. 3.10ഓടെ മേയറെ പ്രതിപക്ഷം വളയുകയും അജണ്ട കീറിയെറിയുകയും ചെയ്തു. ബഹളത്തിനിടെ മേയറുടെ കൈക്ക് നേരിയ പരിക്കേറ്റു. 162 അജണ്ടകളും ഒന്നിച്ച് പാസാക്കി മേയർ ചേംബറിലേക്ക് മടങ്ങി. 25 മിനുട്ടിനുള്ളിൽ കൗൺസിൽ പിരിഞ്ഞു. തുടർന്നും മുദ്രാവാക്യം വിളിയും പ്രതിഷേധവും തുടർന്നു. എൽ.ഡി.എഫ് കൗൺസിലർമാരും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മൂന്ന് വിഭാഗവും പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതോടെ പൊലീസ് ഇടപെടൽ ശക്തമാക്കി. തുടർന്ന് മേയറുടെ ചേംബറിന് മുന്നിലും ഓഫീസ് കവാടത്തിലും സെക്രട്ടറിയുടെ ഓഫീസിന് മുമ്പിലും പ്രതിഷേധമുണ്ടായി. ചേംബറിനകത്ത് മേയറും മറ്റ് ഭരണസമിതിയംഗങ്ങളും വാർത്താസമ്മേളനം നടത്തുന്നതിനിടെ മേയറുടെ ചേംബറിന് മുമ്പിലെ നെയിം ബോർഡ് നശിപ്പിക്കപ്പെട്ടു. പ്രതിഷധത്തെ തുടർന്ന് ബി.ജെ.പി കൗൺസിലർ എൻ. ശിവപ്രസാദിനെ കസ്റ്റഡിലെടുത്തു.

ഏഴുമാസം മുമ്പ് കിട്ടിയ പരാതി ക്രമക്കേടുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും നാല് തലത്തിലുള്ള അന്വേഷണം നടക്കുന്നത് ഭരണസമിതിയുടെയും സെക്രട്ടറിയുടെയും ഇടപെടൽ കാരണമാണെന്നും സെക്രട്ടറിയെ മാറ്റേണ്ട കാര്യമില്ലെന്നുമായിരുന്നും ചൂണ്ടിക്കാണിച്ചായിരുന്നു അടിയന്തര പ്രമേയം മേയർ തള്ളിയത്. അസി.കമ്മിഷണർമാരായ പി.കെ.സന്തോഷ്, പി.ബിജുരാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംരക്ഷണത്തിലനാണ് മേയർ ഇന്നലെ ഓഫീസ് വിട്ടത്. അഞ്ചോടെ പ്രതിഷേധങ്ങൾക്ക് വിരാമമായി.

കൗൺസിൽ യോഗം തുടങ്ങുന്നതിന് മുമ്പ് യൂത്ത് ലീഗ് പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് ഇരച്ചുകയറി പ്രതിഷധിച്ചു. ഓഫീസിലും പുറത്തും കാവൽ നിന്ന പൊലീസ് സംഘം അറസ്റ്റ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

കൗൺസിലർമാർക്കെതിരായ കേസ്:
സമരം ശക്തമാക്കാൻ ബി.ജെ.പി

കോഴിക്കോട്: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ വനിതാ കൗൺസിലർമാരുൾപ്പെടെ ബി.ജെ.പി കൗൺസിലർമാരെ കൈയ്യേറ്റം ചെയ്യുകയും, കള്ളക്കേസിൽ കുടുക്കുകയും ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു. ഗുരുതരമായ കൃത്യവിലോപവും, വലിയ അഴിമതിയുമാണ് അനധികൃത കെട്ടിടനമ്പർ നൽകിയതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. പ്രതിഷേധം ഉയരുമ്പോൾ വിലകുറഞ്ഞ തന്ത്രമാണ് മേയറും സി.പി.എമ്മും പയറ്റുന്നത്. നാളെ കോർപ്പറേഷൻ പരിധിയിൽ പ്രതിഷേധദിനമായി ആചരിക്കും.ആയിരക്കണക്കിന് അനധികൃത കെട്ടിടനമ്പർ നൽകിയ അഴിമതിക്കെതിരെ സമരം ശക്തമാക്കും. ജൂൺ 29 ബുധനാഴ്ച രാവിലെ പത്തുമണിക്ക് കോർപറേഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുമെന്ന് വി.കെ.സജീവൻ അറിയിച്ചു.

ജീവനക്കാരുടെ അനിശ്ചിതകാല
കൂട്ടധർണ ഇന്നു മുതൽ

കോഴിക്കോട്: യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ള നാലുപേരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്നുമുതൽ സമരം ശക്തമാക്കും. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല കൂട്ടധർണ ആരംഭിക്കും. ദിവസേന 25 പേർ വീതമാണ് ധർണ നടത്തുക.
ജീവനക്കാരുടെ സി.പി.എം അനുകൂല യൂണിയനായ കെ.എം.സി.എസ്.യുവിന്റെ ജില്ലാ സെക്രട്ടറിയും രണ്ട് അംഗങ്ങളുമാണ് സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായത്. ഒരാൾ കോൺഗ്രസ് അനുകൂല സംഘടനയായ കെ.എം.സി.എസ്.എ സംസ്ഥാന ഭാരവാഹിയാണ്.

മുഴുവൻ ക്രമക്കേടുകളും
പുറത്തുവരുമെന്ന് മേയർ

കോഴിക്കോട്: 2019 മുതൽ കെട്ടിട നമ്പർ നൽകിയതുമായി ബന്ധപ്പെട്ട ഫയലുകളുടെ പരിശോധന ആരംഭിച്ചെന്നും കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുമെന്നും മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നും ജീവനക്കാരുടെ സസ്‌പെൻഷൻ ഉൾപ്പടെയുള്ള കാര്യങ്ങളിൽ റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ ഏഴുമാസം മുമ്പ് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചിരുന്നതായി അവർ വ്യക്തമാക്കി.
കെട്ടിടത്തിന്റെ നമ്പർ സോഫ്റ്റ്വെയറിലെ സാങ്കേതിക പ്രശ്‌നം കാരണം മാറിപ്പോയതാണ്. ഉദ്യോഗസ്ഥന്റെ ലോഗിൻ വിവരങ്ങൾ അദ്ദേഹത്തിന്റെ പരിധിയിലില്ലാത്ത വാർഡുകളിൽ കെട്ടിടങ്ങൾക്ക് നമ്പർ നൽകാനായി ഉപയോഗിച്ചെന്നായിരുന്നു പരാതി. പരാതിയിൽ പറഞ്ഞ 236 നമ്പറുകളും പരിശോധിച്ചു. ഇവയെല്ലാം ഫയലുകളും രേഖയുമുള്ള കെട്ടിടങ്ങളാണ്. ഐ.കെ.എമ്മുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നം പരിഹരിച്ചതാണ്. ഈ വിഷയവും ഇപ്പോഴുണ്ടായ ക്രമക്കേടും വ്യത്യസ്ഥമാണ്.
പ്രാഥമിക അന്വേഷണത്തിന് വേണ്ടിയാണ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത്. കൗൺസിലും സെക്രട്ടറിയും ഒന്നിച്ചെടുത്ത തീരുമാനമാണ് സസ്പെൻഷൻ. പൊലീസ് അന്വേഷണം നടത്തുകയും വിജിലൻസ് ഇടപെടുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാനാണ് വ്യക്തമായ രേഖയില്ലാതെ സംശയത്തിന്റെ പേരിൽ അടിയന്തരപ്രമേയം കൊണ്ടുവന്നത്. അക്രമം കാണിക്കുന്നത് അപലപനീയമാണെന്നും മേയർ പറഞ്ഞു. ജനാധിപത്യകീഴ്വഴക്കം അനുസരിച്ചാണ് പ്രതിഷേധിക്കാാനുള്ള അവസരം നൽകിയത്. എന്നിട്ടും അക്രമം നടത്തിയത് വനിതാ മേയർ എന്ന പരിഗണന നൽകാതെയാണ്. 60വർഷക്കാലത്തിനിടയിലുണ്ടായ ഹീനമായ പ്രവർത്തിയാണിതെന്നും അന്വേഷണം അട്ടിമറിക്കാനും ശ്രദ്ധ തിരിച്ചുവിടാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് പറഞ്ഞു.


മേയറുടെ പരാതിയിൽ പൊതുമുതൽ
നശിപ്പിച്ചതിന് കേസ്

കോഴിക്കോട്: കോർപ്പറേഷനിൽ ഇന്നലെ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മേയർ ഡോ. ബീന ഫിലിപ്പിന്റെ പരാതിയിൽ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു. ടൗൺ പൊലീസാണ് കേസുടുത്തത്. അതേസമയം, കോർപ്പറേഷൻ ഓഫീസിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിലായി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷഫീക് അരക്കിണർ ,സജീർ കൊമ്മേരി,സിറാജ് കിണാശ്ശേരി,റിഷാദ് പുതിയങ്ങാടി, ശരീഫ് വെള്ളയിൽ, നിസാർ തോപ്പയിൽ, ശിഹാബ് അരക്കിണർ, മനു ഇർഷാദ്, മനാഫ് കല്ലായി, കോയമോൻ പുതിയപാലം എന്നിവരാണ് അറസ്റ്റിലായത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പൊലീസ് സ്റ്റേഷനിലെത്തി പ്രവർത്തകരെ സന്ദർശിച്ചു.