kunnamangalamnews
സ്ക്കൂളിനടുത്തുള്ള മാലിന്യം നീക്കി വൃത്തിയാക്കിയ നിലയിൽ

കുന്ദമംഗലം: കുന്ദമംഗലം എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആശ്വസിക്കാം. പഞ്ചായത്ത് അധികൃതരുടെ ഇടപെടലിനെ തുടർന്ന് സ്ഥലയുടമ ഇന്നലെ മാലിന്യം നീക്കി തുടങ്ങി. ഏറെക്കാലമായി കുന്ദമംഗലം ബസ് സ്റ്റാന്റിനുമുമ്പിലെ ദേശീയപാതയോരത്തുള്ള ഈ സ്ഥലം മാലിന്യം കൊണ്ട് നിറഞ്ഞുനിൽക്കുകയായിരുന്നു. തൊട്ടടുത്തുള്ള കുന്ദമംഗലം എ.യു.പി സ്ക്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും തീരാ തലവേദനയായിരുന്നു. അങ്ങാടിയിലെ വ്യാപാരികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു.

ഇത് സംബന്ധിച്ച വാർത്ത കേരള കൗമുദി ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അധികൃതർ സ്ഥലയുടമയ്ക്ക് മാലിന്യം നീക്കം ചെയ്യാൻ നിർദേശം നൽകി. തുടർന്നാണ് നീക്കം ചെയ്തത്പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ് സമീപത്ത് കൂടി നടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. മഴ പെയ്താൽ മാലിന്യങ്ങൾ സ്കൂൾ മുറ്റത്തേക്കാണ് ഒലിച്ചിറങ്ങിയിരുന്നത്. അജൈവ മാലിന്യങ്ങൾ പൊതുജനങ്ങൾക്ക് നിക്ഷേപിക്കാനും വീടുകളിൽ നിന്ന് ഹരിതകർമ സേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ സൂക്ഷിക്കുന്നതിനുമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യം ശേഖരിക്കുന്നുമുണ്ട്. എന്നാൽ രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധരുടെ നേതൃത്വത്തിൽ തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കൊണ്ട് തള്ളുന്നത്.