കോഴിക്കോട്:മികച്ച പദവികൾ മോഹിച്ച് കോൺഗ്രസ് എസ്സിൽ നിന്ന് കോൺഗ്രസ് ഐയിലേക്ക് പോയവരെല്ലാം ഇന്ന് പെരുവഴിയിലാണെന്ന് കെ. പി ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ കാര്യം ചൂണ്ടിക്കാട്ടി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പറഞ്ഞു.കോൺഗ്രസ് എസ് പുനഃസ്ഥാപന വാർഷികവും സി.കെ.ജി അനുസ്മരണ സമ്മേളനവും ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആളുകൾ കുറവാണെങ്കിലും കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് എസിന് മാന്യത ഉണ്ട്. കോൺഗ്രസ് ഐ എന്നത് യഥാർത്ഥ കോൺഗ്രസ് വികാരം ഉൾക്കൊള്ളാത്ത മാംസപിണ്ഡമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടുപലകയല്ല. അവർ സ്ഥിരമായി ജയിക്കാൻ സാധിക്കുന്ന സ്ഥലത്ത് വീണ്ടും ജയിഞ്ഞുവെന്ന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

യു ബാബു ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഇ.പി. ആർ വേശാല, സി. ആർ വത്സൻ, ടി ഷിഹാബുദ്ദീൻ, സന്തോഷ് പാല, റിനേഷ് മാത്യു എന്നിവർ പ്രസംഗിച്ചു. ഇ ഗോപാലൻ സ്വാഗതം പറഞ്ഞു.