കോഴിക്കോട്: ചാലിയം അഴിമുഖത്ത് മീൻപിടിത്ത വള്ളം കടലിൽ മുങ്ങി. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ മറ്റൊരു വള്ളത്തിലെത്തിയവർ രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. രാവിലെ ചാലിയത്തുനിന്ന് പോയ മാറാട് സ്വദേശി ജംഷീറിന്റെ സലാമത്ത് എന്ന വലിയ റാണി വള്ളവും ഇതോടൊന്നിച്ചുള്ള ചെറിയ കരിയർ വള്ളവും മീൻപിടുത്തം കഴിഞ്ഞ് വരുന്നതിനിടെയാണ് അപകടം. മീൻ കയറ്റിയ കരിയർ വള്ളമാണ് മറിഞ്ഞത്. വള്ളം മാറാട് തെക്കേപ്പുറത്ത് നസീറിനെയും ജുനൈദിനെയും അതുവഴി വന്ന 'അൽമാഇദ' വള്ളത്തിലെ തൊഴിലാളികളാണ് രക്ഷിച്ചത്. മത്സ്യം നഷ്ടമായി. മൂന്നര ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.