
കുറ്റ്യാടി: ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി കുറ്റ്യാടി ടൗണിലും പരിസരങ്ങളിലും വാഹനങ്ങളുടെ മത്സരയോട്ടം. ടൗണിലും സ്ക്കൂൾ പരിസരങ്ങളിലും സീബ്രാലൈനുകൾ ഉണ്ടെങ്കിലും ചില വാഹനങ്ങൾ ഇവ കണ്ടില്ലെന്ന മട്ടാണ്.
പലപ്പോഴും സ്വകാര്യ വാഹനങ്ങളുടെ മരണപ്പാച്ചിലും മത്സരയോട്ടവും അപകടങ്ങൾക്ക് കാരണമാകുകയാണ്. പൊതു നിരത്തുകളിൽ ടിപ്പർ, സ്വകാര്യബസുകൾ എന്നിങ്ങനെയുള്ള പ്രത്യേകവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും അവയെല്ലാം കാറ്റിൽ പറത്തിയാണ് മിക്കവയും പായുന്നത്. വേഗത നിയന്ത്രണ സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. അപകട സാദ്ധ്യതയേറിയ വളവുകളിൽ പോലും ഹോൺ മുഴക്കാതെ വളരെ വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. ചെറു വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ചു മാറ്റിയില്ലെങ്കിൽ അപകടം ഉറപ്പ്. പലപ്പോഴും അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. സ്വകാര്യ ബസുകൾക്കും ടിപ്പർ ലോറികൾക്കും 60 കിലോമീറ്ററിൽ കൂടുതൽ വേഗത പാടില്ലെങ്കിലും പലപ്പോഴും ഇവയുടെ വേഗത 90 കിലോമീറ്റർ കൂടുതലാണ്. ഇവർക്കെതിരെ ആർ.ടി.ഒ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
അതേസമയം ന്യൂജൻ ബൈക്കുകളിൽ ചെത്തി നടക്കുന്നവർക്ക് ട്രാഫിക് നിയമങ്ങൾ ബാധകമേയല്ലെന്ന രീതിയാണ്. ബൈക്കിന്റെ സെന്റർ സ്റ്റാൻഡ് റോഡിലുരച്ച് തീപ്പൊരി പാറിച്ചും സൈലൻസറുകൾ ഇളക്കി മാറ്റി അത്യുച്ചത്തിൽ ശബ്ദമുണ്ടാക്കിയും രസിക്കുന്ന ഇക്കൂട്ടരെ പൊലീസും മോട്ടോർ വാഹനവകുപ്പും കണ്ടില്ലെന്ന മട്ടാണ്. കാൽനടയാത്രക്കാരും മറ്റ് വാഹനങ്ങളും ഇവരെ പേടിച്ചാണ് സഞ്ചരിക്കുന്നത് .
"കുറ്റ്യാടി ടൗണിൽ സ്കൂൾ പരിസരത്ത് രാവിലെയും വൈകിട്ടും പൊലിസ് സാന്നിദ്ധ്യം ഒരുക്കണം " തട്ടാർക്കണ്ടി ജമാൽ, രക്ഷിതാവ് '' റോഡിന്ന് കുറുകെ ഹബ്ബ്, ക്യാമറകൾ തുടങ്ങിയ സ്ഥാപിച്ച് അമിത വേഗത നിയന്ത്രിക്കണം" ഷഫീഖ് മാസ്റ്റർ മുക്കത്ത് " കുറ്റ്യാടി