avikkal
ആവിക്കൽതോട് മലിനജല സംസ്‌കരണ പ്ലാന്റിനെതിരെ ജനകീയ സമരസമിതി പ്രവർത്തകർ നടത്തിയ പ്രതിഷേധ റാലി പൊലീസ് തടഞ്ഞപ്പോൾ

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിനും അഴിമതിക്കുമെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിനു മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുകൾ ഇളക്കിമാറ്റി റോഡിന് കുറുകെയിട്ട് ഗതാഗത തടസപ്പെടുത്തി. ഒരുമണിക്കൂറോളം സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ നിലനിന്നു. പന്ത്രണ്ടുമണിയോടെ പ്രവർത്തകർ പിരിഞ്ഞുപോയി. സമരം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കോർപ്പറേഷൻ മേയർ പാവയാണെന്നും ഭരണം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലാണെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ്. ഇത്രയേറെ അഴിമതിയും കെടുകാര്യസ്ഥതയും നടന്നിട്ടും മേയർ മിണ്ടാത്തത് പാർട്ടിയെ പേടിച്ചിട്ടാണ്. സി.പി.എം ഓഫീസ് കേന്ദ്രീകരിച്ചുള്ള മാഫിയാസംഘമാണ് കോർപ്പറേഷനെ നിയന്ത്രിക്കുന്നത്. ചട്ടം ലംഘിച്ചുള്ള കെട്ടിടനമ്പർ കൊടുക്കലിലൂടെ നൂറുകോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. സി.പി.എം ഓഫീസിലെ പ്രമുഖരെ ചോദ്യം ചെയ്യണം.കുറച്ച് ജീവനക്കാരെ ബലിയാടാക്കി തടിയൂരാമെന്ന് സി.പി.എമ്മും കോർപ്പറേഷൻ അധികൃതരും കരുതുന്നുണ്ടെങ്കിൽ കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫും അനുവദിക്കില്ലെന്നും സിദ്ദീഖ് പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിക്ക് സംഭവത്തിൽ പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പൊലീസ് അന്വേഷണത്തിന് തയ്യാറാകാത്തത്. കോർപ്പറേഷൻ സെക്രട്ടറിയുടെ വ്യക്തിഗത നേട്ടങ്ങളും അന്വേഷണ പരിധിയിൽ വരണമെന്ന് സിദ്ദീഖ് പറഞ്ഞു.

പി.എം.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ്, കെ.സി.അബു, കെ.സി.ശോഭിത, എസ്.കെ.അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.