മാവൂർ: കോഴിക്കോട് ജില്ലയിൽ ഒരു പഞ്ചായത്തിനെ കൂടി ആർ.എം.പി.നയിക്കും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ആർ.എം.പിയിലെ ടി. രൻജിത്താണ് മാവൂർ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി അധികാരമേൽക്കുന്നത്. യു.ഡി.എഫ് ഭരിക്കുന്ന മാവൂർ പഞ്ചായത്തിൽ ഘടക കക്ഷികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മുസ്ലിംലീഗിലെ പി. ഉമ്മർ രാജിവെച്ചത്. ഇനി ഒരു വർഷം ആർ.എം.പിക്കായിരിക്കും പ്രസിഡന്റ് സ്ഥാനം. നിലവിൽ ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുന്നത് ആർ.എം.പിയാണ്.
ഇന്നലെ വൈകീട്ട് പഞ്ചായത്ത് സെക്രട്ടറി ബ്രിജീഷിന് മുമ്പാകെ കെ.പി.ഉമ്മർ രാജി സമർപ്പിച്ചു. ബാക്കി വരുന്ന രണ്ടര വർഷം കോൺഗ്രസ് പ്രതിനിധിയായിരിക്കും പഞ്ചായത്ത് പ്രസിഡന്റ് . ഒപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തിനും മാറ്റമുണ്ടാകും നിലവിൽ രണ്ടര വർഷം കോൺഗ്രസിലെ ജയശ്രീ ദിവ്യപ്രകാശാണ് വൈസ് പ്രസിഡന്റ് . അടുത്ത രണ്ട് വർഷം മുസ്ലിംലീഗിനാണ് അവസരം. ചെറൂപ്പയിൽ നിന്നും വിജയിച്ച ലീഗിന്റെ പാത്തുമ്മ ഉണിക്കൂറിനാണ് നിലവിൽ സാദ്ധ്യത. 10 അംഗ യു.ഡി.എഫ് ഭരണ സമിതിയാണ് മാവൂർ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. മുസ്ലിം ലീഗ് - 5, കോൺഗ്രസ് - 4, ആർ എം .പി - 1 എന്നിങ്ങനെയാണ് കക്ഷി നില.
മാവൂരിന്റെ ചരിത്രത്തിൽ ആദ്യമായാണ് സി.പി.എം. കോൺഗ്രസ്, ലീഗ് പാർട്ടികളിൽ നിന്നല്ലാതെ മറ്റൊരു പാർട്ടിയുടെ പ്രതിനിധി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. എൽ.ഡി.എഫ് കോട്ടയായിരുന്ന പതിനെട്ടാം വാഡിൽ വൻ അട്ടിമറി വിജയം നേടിയാണ് ടി.രൻജിത്ത് വിജയിച്ചത്. എൽ.ഡി.എഫ് ഭരിക്കുന്ന മാവൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് ഇദ്ദേഹം. പ്രസിഡന്റായി അധികാരമേൽക്കുന്ന ഒരു വർഷം ബാങ്കിൽ നിന്നും അവധിയിൽ പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് കാലങ്ങളിൽ കാര്യക്ഷമമായ ഒരു പാട് ആരോഗ്യരക്ഷാ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ രൻജിത്തിന് കഴിഞ്ഞിട്ടുണ്ട്.