കോഴിക്കോട് : ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസ് പൊലീസ് അട്ടിമറിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ആരോപിച്ചു. ഡി.വൈ.എഫ്‌.ഐക്കാരാനായ യുവാവിന്‌ നേരെയുണ്ടായ അക്രമത്തിൽ എസ്.ഡി.പി.ഐക്കാരനോടെപ്പം ഒരു ഡി.വൈ.എഫ്‌.ഐ പ്രവർത്തകനും പ്രതിയാണെന്ന് പരാതിക്കാരൻ പൊലീസിനോട്‌ ബോധിപ്പിക്കുകയും പൊലീസ് അത് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ്‌ കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ഡി.വൈ.എഫ്‌.ഐക്കാരന്റെ പേരില്ല. പകരം നിരപരാധികളായ മുസ്ലീം ലീഗുകാരെ ഉൾപ്പെടുത്തിയിരിക്കുന്നു. അക്രമിക്കപ്പെട്ട പരാതിക്കാരൻ കൊടുത്ത മൊഴിയിൽ ഡി.വൈ.എഫ്‌.ഐ പ്രവർത്തകന്റെ പേര് ഉണ്ടായിരുന്നെന്നത് ലോകം അറിഞ്ഞ സത്യമാണ്. ഈ അട്ടിമറിക്ക് പിന്നിൽ സി.പി.എം സമ്മർദ്ദമാണ്. എസ്.ഡി.പി.ഐക്കാരിൽ ഡി.വൈ.എഫ്‌.ഐക്കാരും ഡി.വൈ.എഫ്‌.ഐക്കാരിൽ എസ്.ഡി.പി.ഐക്കാരും ഉണ്ടെന്നുള്ള സത്യം പുറത്ത് വരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതേ കുറിച്ച്‌ കോടതി നേരിട്ട് അന്വേഷിക്കണമെന്ന് പ്രവീൺകുമാർ ആവശ്യപ്പെട്ടു.