കൽപ്പറ്റ: മണ്ഡലത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. ഇന്ന് രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാർട്ടിൻ പള്ളി പാരീഷ്ഹാളിൽ വെച്ച് നടക്കുന്ന ഫാർമേഴ്സ് ബാങ്ക് ബിൽഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടർന്ന് 2.30ന് കലക്ട്രേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിൽ അദ്ദേഹം പങ്കെടുക്കും. 3.30ന് കലക്ട്രേറ്റിൽ നടക്കുന്ന എം.പി ഫണ്ട് അവലോകനയോഗത്തിൽ പങ്കെടുക്കുന്ന രാഹുൽഗാന്ധി തുടർന്ന് ബത്തേരി ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന ബഹുജനസംഗമത്തിൽ സംബന്ധിക്കും. നാളെ രാവിലെ 11 മണിക്ക് നെന്മേനി പഞ്ചായത്തിലെ കോളിയാടിയിൽ വെച്ച് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും.

തുടർന്ന് മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ജൂലൈ മൂന്നിന് രാവിലെ 9.30ന് നിലമ്പൂർ കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി വലാമ്പുറം കൊട്ടൻപാറ റോഡ് ഉദ്ഘാടനമാണ് രാഹുൽഗാന്ധിയുടെ ആദ്യപരിപാടി. 11.35ന് വണ്ടൂർ ചോക്കാട് ടൗണിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ആംബുലൻസ് ആൻഡ് ട്രോമ കെയർ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് അദ്ദേഹം നിർവഹിക്കും. മൂന്ന് മണിക്ക് വണ്ടർ മമ്പാട് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ നൂറ് ശതമാനം മാർക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. 4.15ന് വണ്ടൂർ ഗോൾഡൻവാലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ ക്ലബ്ബുകൾക്കുള്ള ജേഴ്സി വിതരണചടങ്ങ് ഉദ്ഘാടനം ചെയ്യും. 5.10ന് വണ്ടൂർ പോരൂർ പുളിയക്കോട് കെ ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പിഎംകെഎസ്‌വൈ പദ്ധതി പ്രകാരം വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം നിർവഹിക്കും.


ബഫർസോൺ: രാഹുൽഗാന്ധി നയിക്കുന്ന ബഹുജനറാലി ഇന്ന് ബത്തേരിയിൽ
സുൽത്താൻബത്തേരി: ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ രാഹുൽഗാന്ധി എം.പി നടത്തുന്ന ബഹുജന പ്രക്ഷോഭ റാലി ഇന്ന് ബത്തേരിയിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടക്കുന്നിൽ നിന്നാരംഭിക്കുന്ന റാലി ഗാന്ധി ജംഗ്ഷനിൽ സമാപിക്കും. ഗാന്ധി ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് എം.പിമാർ എം.എൽ.എമാർ എന്നിവർക്കൊപ്പം ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.


റാലിയിൽ പങ്കെടുക്കാനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ
കൽപ്പറ്റ: റാലിയിൽ പങ്കെടുക്കാൻ മാനന്തവാടി, കൽപ്പറ്റ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ മൂന്നരയ്ക്ക് പ്രവർത്തകരെ മൈസൂർ റോഡിൽ ഇറക്കി ഗുരുകുലം റോഡ് വഴി ബൈപ്പാസിലൂടെ അസംപ്ഷൻ സ്‌കൂൾ പരിസരത്ത് എത്തി ഹൈവേയുടെ ഇരുസൈഡിലുമായി പാർക്ക് ചെയ്യണം.

പുൽപ്പള്ളി, മുള്ളൻകൊല്ലി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ മൈസൂർ റോഡിൽ ഗീതാഞ്ജലി പമ്പിന് മുമ്പിൽ ആളുകളെ ഇറക്കി തിരിച്ച് പുൽപ്പള്ളി റോഡിൽ പാർക്ക് ചെയ്യണം.

നൂൽപ്പുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഗീതാഞ്ജലി പമ്പിന്റെ പരിസരത്ത് ആളുകളെ ഇറക്കി പമ്പിന്റെ താഴെ ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണം. നെന്മേനി, അമ്പലവയൽ പഞ്ചായത്തുകളിൽ നിന്നു വരുന്ന വാഹനങ്ങൾ മൈസൂർ റോഡിൽ ആളുകളെ ഇറക്കി ഗുരുകുലം വഴി ആർ.ടി.ഒ ഓഫീസ് പരിസരത്ത് (ഊട്ടിറോഡ്) പാർക്ക് ചെയ്യണം. പൂതാടി,മീനങ്ങാടി പഞ്ചായത്തിൽ നിന്നു വരുന്ന വാഹനങ്ങൾ മൈസൂർ റോഡിൽ ഗീതാഞ്ജലി പമ്പിന് മുൻവശത്ത് ആളുകളെ ഇറക്കി അസംപ്ഷൻ പരിസരത്ത് പോയി പാർക്ക് ചെയ്യണം.