സുൽത്താൻ ബത്തേരി: സ്‌കൂളിൽ വച്ച് വീണ് പരിക്കേറ്റ വിദ്യാർത്ഥിക്ക് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് കൃത്യസമയത്ത് ചികിൽസ ലഭിച്ചില്ലെന്നും, ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്നും രക്ഷിതാവ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.
ബുധനാഴ്ച രാവിലെയാണ് ബീനാച്ചി സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥി അജ്മൽ സ്‌കൂളിൽ വീണ് പരിക്കേറ്റത്. ഉടൻ രണ്ട് അദ്ധ്യാപകർ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടറെ കാണിച്ച ശേഷം മുറിവ് കെട്ടുന്നതിന് ഡ്രസിംഗ് റൂമിൽ എത്തിച്ചു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രി ജീവനക്കാർ കുട്ടിയെ തിരിഞ്ഞുനോക്കിയില്ലെന്ന് പിതാവ് നവാസ് പറഞ്ഞു. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ വളരെ മോശമായാണ് ജീവനക്കാരൻ പ്രതികരിച്ചത്. അതിനിടെ കുട്ടി തളർന്ന് വീഴുകയും ചെയ്തു. മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയാണ് പിന്നീട് കുട്ടിയെ ചികിൽസിപ്പിച്ചതെന്ന് നവാസ് പറഞ്ഞു.