മാനന്തവാടി: ശരീരം തളർന്ന് നാല് ചുമരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന കിടപ്പു രോഗികൾ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ ദുരിതത്തിൽ. സാമൂഹ്യ പെൻഷനുകൾ, വീൽചെയർ, മറ്റാനുകൂല്യങ്ങൾ എന്നിവ പല രോഗികൾക്കും ലഭിക്കുന്നില്ല.
മുഴുവൻ സമയ പരിചരണം ആവശ്യമുള്ളവരെ പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ പെൻഷൻ നൽകുന്ന ആശ്വാസകിരണം പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ 2018 മുതൽ നൽകിയിട്ടില്ല. ഫണ്ടില്ലെന്നാണ് കാരണം പറയുന്നത്. വീടിനു പുറത്തെത്താൻ ഉപകരിക്കുന്ന ഇലക്ട്രോണിക് വീൽചെയർ നൽകാനും പണമില്ല. കിടപ്പുരോഗികൾക്കുള്ള പെൻഷൻ പോലും കൃത്യമായി നൽകുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹമായ തുക പോലും ലഭിക്കാതെ ദുരിതക്കിടക്കയിലാണ് ഈ രോഗികൾ.
വികലാംഗ കോർപ്പറേഷൻ, സാമൂഹ്യ നീതി വകുപ്പ്, വികലാംഗ കമ്മീഷൻ എന്നിവയുടെ ഓഫീസുകളിൽ വയനാട്ടിലെ നിരവധി കിടപ്പു രോഗികൾക്കു വേണ്ടി മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
സംസ്ഥാന പ്രസിഡന്റ് പി.ജെ.ജോൺ നേരിട്ട് അന്വേഷിച്ചപ്പോഴാണ് കിടപ്പു രോഗികളോടുള്ള നീതി നിഷേധം വ്യക്തമായത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.
തിരുനെല്ലി പോത്തുമൂല മെങ്കിട ദാസൻ, ബേഗൂർ മുകുന്ദൻ, ഷിബിന, തവിഞ്ഞാൽ ബെന്നി, മാനന്തവാടി രതീഷ് തുടങ്ങി തിരവധി കിടപ്പു രോഗികളാണ് സർക്കാരിന്റെ കാരുണ്യം കാത്തു കിടക്കുന്നത്. കിടപ്പു രോഗികളോടെങ്കിലും സർക്കാർ നീതി പുലർത്തണമെന്നും അർഹമായ ആനുകൂല്യം നൽകണമെന്നും എച്ച്.ആർ.സി.പി.സി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.ജെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: സെൽവരാജ്, സുനിൽ മഠത്തിൽ, ജോൺസൺ ജോർജ്, ഷിജു താഴെയങ്ങാടി, കുഞ്ഞിക്കണ്ണൻ ബത്തേരി, റീന, എം.ടി.രഞ്ജിനി കുഴിനിലം എന്നിവർ പ്രസംഗിച്ചു.