
കോട്ടയം: 'ഉണരൂ, ഉപഭോക്താവേ ഉണരൂ'യെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ബോധവത്കരിക്കുന്ന സംസ്ഥാന സർക്കാർ,
ഉപഭോക്തൃനിയമഭേദഗതി പ്രകാരമുള്ള മീഡിയേഷൻ സെൽ രൂപീകരിക്കാതെ ഒഴിഞ്ഞുമാറുന്നു.
റിട്ടയേർഡ് ജഡ്ജിയെയും അഭിഭാഷകരെയും ഉൾപ്പെടുത്തി ഓരോ ജില്ലയിലും മീഡിയേഷൻ സെൽ വേണമെന്ന നിയമഭേദഗതി വന്നിട്ട് വർഷം മൂന്നായി. തിരുവനന്തപുരം, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ മീഡിയേഷൻ സെൽ ഉദ്ഘാടനം ചെയ്തുവെങ്കിലും അംഗങ്ങളെ നിയമിച്ചില്ല. ഇവർക്കുള്ള പ്രതിഫലം കൺസ്യൂമർ വെൽഫയർ കോർപ്പറേഷൻ ഫണ്ടിലുള്ള 10 കോടിരൂപയുടെ പലിശയിൽ നിന്ന് നൽകാമെന്ന നിർദ്ദേശം ജില്ലാ കമ്മിഷനുകൾ മുന്നോട്ടുവച്ചെങ്കിലും സിവിൽ സപ്ളൈസ് കമ്മിഷണർ പരിഗണിച്ചില്ല.
കെട്ടിടം നിർമ്മിക്കാൻ ഓരോ ജില്ലയ്ക്കും ഒന്നേകാൽ കോടി രൂപ വീതം 17.5 കോടി അനുവദിക്കാമെന്ന് കേന്ദ്രം 2020ൽ അറിയിച്ചെങ്കിലും അതു വാങ്ങിയെടുക്കാനും താല്പര്യം കാട്ടിയില്ല.
മീഡിയേഷൻ സെൽ
 പരാതികൾ ചർച്ച ചെയ്ത് ഒത്തുതീർപ്പിലെത്താം
 തീരുമാനമായില്ലെങ്കിൽ കമ്മിഷനെ സമീപിക്കാം
 പരാതിക്കാരന് കാലതാമസമില്ലാതെ നീതി ഉറപ്പാക്കാം
 ജില്ലാ ഉപഭോക്തൃ കമ്മിഷനുകളിൽ കേസ് കുറയ്ക്കും
''പുതിയ നിയമപ്രകാരം ജുഡിഷ്യൽ അധികാരമുണ്ടായിട്ടും സംസ്ഥാന, ജില്ലാ ഉപഭോക്തൃ കമ്മിഷനുകളെ സിവിൽ സപ്ളൈസ് വകുപ്പിന്റെ ഉപസ്ഥാപനമായാണ് സിവിൽ സപ്ളൈസ് കമ്മിഷണർ കാണുന്നത്. മീഡിയേഷൻ സെൽ, ജീവനക്കാർ, അടിസ്ഥാന സൗകര്യം അടക്കമുള്ള വിഷയങ്ങളിൽ നടപടികൾ സ്വീകരിച്ചാലെ നിയമം പൂർണ രീതിയിൽ നടപ്പാവൂ''
- ജില്ലാ ഉപഭോക്തൃ കമ്മിഷൻ