പാലാ: നഗരസഭയുടെ വികസന പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനും കുടിവെള്ളത്തിനും ജനറൽ ഹോസ്പിറ്റൽ വികസനത്തിനും മുൻഗണന പ്രഖ്യാപിച്ച് വികസനരേഖ അവതരിപ്പിച്ചു.പാലാ നഗരസഭയുടെ 2022-2023 വർഷത്തെ വികസന സെമിനാറിലാണ് വികസനരേഖ അവതരിപ്പിച്ചത്. 12.12 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ഈ വർഷം പാലാ നഗരസഭയിൽ നടക്കുക. വിവിധ മേഖലകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളാണ് വികസന സെമിനാറിൽ അവതരിപ്പിച്ചത്.വിവിധ മേഖലകളിൽ മാനദണ്ഡം അനുസരിച്ച് തുക വകയിരുത്തി കൗൺസിൽ അംഗീകാരത്തോടെ ജില്ലാ പ്ലാനിംഗ് സമിതി മുമ്പാകെ സമർപ്പിക്കുമെന്ന് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി അംഗം സാവിയോ കാവുകാട്ട് പദ്ധതിരേഖ അവതരിപ്പിച്ചു. നഗരസഭാ കൗൺസിലർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.