തമ്പലക്കാട്: തമ്പലക്കാട് പ്രദേശത്ത് കുറുനരിയുടെ ആക്രമണം പതിവായതോടെ നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ വളർത്തുമൃഗങ്ങളേയും പക്ഷികളെയും കുറുനരി ആക്രമിച്ചിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്കേറ്റു.
വള്ളോമ്പറമ്പിൽ സാജു, പാണപറമ്പിൽ ശശി, കിഴക്കേപ്പറമ്പിൽ ഉണ്ണികൃഷ്ണൻ, അമ്പിയിൽ ബിജു, പാലോലിൽ മഞ്ജു, ശോഭന, വെച്ചൂർ വിനോദ് തുടങ്ങിയവരുടെ വളർത്തുമൃഗങ്ങൾക്ക് കുറുനരിയുടെ കടിയേറ്റു.
കാഞ്ഞിരപ്പള്ളി എലിക്കുളം റോഡിൽ കണ്ണാനിക്കുഴി ഭാഗത്ത് കശാപ്പ് മാലിന്യങ്ങൾ തള്ളുന്നത് ഭക്ഷിക്കാനെത്തുന്ന കുറുനരിക്കൂട്ടങ്ങളാണ് വീടുകളിലെ മൃഗങ്ങളെ ആക്രമിക്കുന്നത്. സമീപത്തെ കാടുപിടിച്ച ഏക്കറുകണക്കിന് സ്ഥലത്താണ് കുറുനരികളുടെ ആവാസകേന്ദ്രം. ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.