പൂഞ്ഞാർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പൂഞ്ഞാർ ഡിവിഷനിൽ നിർമ്മാണം പൂർത്തീകരിച്ച ചെക്ക് ഡാമുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും.മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വെങ്ങാട്ട് തോട്ടിൽ നിർമ്മാണം പൂർത്തീകരിച്ച ചെക്ക് ഡാമിന്റെ ഉദ്ഘാടനം വൈകുന്നേരം 4ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് അംഗം ജോളി ടോമി എന്നിവർ ആശംസകൾ അർപ്പിക്കും.
മേലുകാവ് ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി ഭാഗത്ത് നിർമ്മിച്ച ചെക്ക് ഡാമിന്റെ ഉദ്ഘാടനം 5ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അദ്ധ്യക്ഷത വഹിക്കും. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേൽ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് അംഗം മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്ത് അംഗം ബിൻസി ടോമി എന്നിവർ ആശംസകൾ അർപ്പിക്കും. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 20 ലക്ഷം രൂപയാണ് ചെക്ക് ഡാമുകളുടെ നിർമ്മാണത്തിന് അനുവദിച്ചത്.