
കോട്ടയം. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകൾ തീർപ്പാക്കുന്നതിനുള്ള അതിവേഗ പോക്‌സോ കോടതി ഈരാറ്റുപേട്ടയിൽ അനുവദിച്ചതായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. കേരളത്തിൽ 28 പുതിയ കോടതികൾ അനുവദിച്ചതിൽ ജില്ലയ്ക്കുള്ള ഏക കോടതിയാണിത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഈരാറ്റുപേട്ടയിൽ നിലവിലുള്ള കോടതി കെട്ടിടത്തോട് അനുബന്ധിച്ച് മൂന്നു കോടി രൂപാ മുടക്കി നിർമ്മാണം പൂർത്തിയായി വരുന്ന കെട്ടിടത്തിലാണ് പുതിയ കോടതി ആരംഭിക്കുന്നത്. അഡിഷണൽ ജില്ലാ കോടതിയുടെ അധികാരമുള്ളതാണ് ഈ കോടതി . മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.