മുണ്ടക്കയം : കോരുത്തോട് - മുണ്ടക്കയം പാതയിൽ പനക്കച്ചിറയ്ക്ക് സമീപം പാറമടയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗത്ത് അപകടങ്ങൾ തുടർക്കഥയായതോടെ താത്കാലിക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. എപ്രിൽ 18 ന് ഉണ്ടായ ശക്തമായ മഴയിലാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞത്. വലിയ കൽക്കെട്ട് ഇടിഞ്ഞു വീണ് താഴെ ഉണ്ടായിരുന്ന പള്ളി പൂർണ്ണമായും തകർന്നിരുന്നു. റോഡിന്റെ ഒരു വശത്ത് മാത്രമാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. മുന്നറിയിപ്പായി വീപ്പകൾ സ്ഥാപിച്ച് അധികൃതർ മടങ്ങി. അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് റോഡ് തകർന്നത് ശ്രദ്ധയിൽപ്പെടുന്നത്. പെട്ടെന്ന് ബ്രേക്കിടുമ്പോൾ വാഹനങ്ങൾ തെന്നി മാറുന്നത് സ്ഥിരം കാഴ്ചയാണ്. ഇരുചക്ര വാഹനയാത്രക്കാരും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ശബരിമല പാതയായതിനാൽ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്.