അനധികൃത പാർക്കിംഗ് കാൽനടയാത്രികർ ദുരിതത്തിൽ
ചങ്ങനാശേരി: നടപ്പാതയുണ്ട്, പക്ഷേ അവിടെയും നടത്തില്ലെന്ന് വെച്ചാൽ..! ചങ്ങനാശേരിയിൽ കാൽനടയാത്രികർക്ക് വല്ലാത്ത ദുരിതമാണ്. നടപ്പാതകൾ വാഹനങ്ങൾ കൈയടക്കിയതോടെ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥ. ചീറിപ്പായുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ ജീവൻ പണയം വെച്ചുള്ള യാത്ര. നഗരമധ്യത്തിൽ അനധികൃത പാർക്കിംഗ് വ്യാപകമാണ്. ഇടറോഡുകളിൽ പോലും രക്ഷയില്ല. തിരക്കേറിയ ചങ്ങനാശേരി വാഴൂർ റോഡ്, എം.സി റോഡ്, പെരുന്ന, സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ് റോഡ്, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലാണ് അനധികൃത പാർക്കിംഗ്. നോപാർക്കിംഗ് ബോർഡിനെപ്പോലും അവഗണിച്ചാണ് നഗരത്തിൽ പലയിടത്തും വാഹനങ്ങളുടെ പാർക്കിംഗ്. സ്‌കൂൾ തുറന്നതോടെ, രാവിലെയും വൈകുന്നേരങ്ങളിലും മൂന്ന് സ്റ്റാൻഡിലേക്കും ബസ് കയറുന്നതിനായി പോകുന്ന വിദ്യാർത്ഥികളടക്കം റോഡിലേക്ക് ഇറങ്ങിനടക്കുന്നത് അപകടങ്ങൾക്ക് വഴിവെയ്ക്കും.
കച്ചവടം വെല്ലുവിളി
നടപ്പാതയിലെ വഴഇയോരകച്ചവടമാണ് മറ്റൊരു പ്രതിസന്ധി. വൈകുന്നേരങ്ങളിൽ നടപ്പാതകൾ കൈയേറി തട്ടുകടകളും പ്രവർത്തിക്കുന്നുണ്ട്. എം.സി റോഡ്, വാഴൂർ റോഡ് എന്നിവിടങ്ങളിൽ ഇതുമൂലം വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.