കുമ്മണ്ണൂർ കോട്ടേൽകുന്ന് റോഡരികിൽ ഭീഷണിയുയർത്തി ആഞ്ഞിലിമരം
കുമ്മണ്ണൂർ: യാത്രക്കാർക്കും വീടുകൾക്കും അപകടഭീഷണി ഉയർത്തി വേരറ്റുനിൽക്കുന്ന ആഞ്ഞിലിമരം ഇനിയാര് വെട്ടിമാറ്റും...? കാലവർഷത്തിന് മുന്നോടിയായി അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയ സാഹചര്യത്തിലും ഒരു നടപടിയും ഉണ്ടാകാത്തതിൽ ആശങ്കയിലാണ് കുമ്മണ്ണൂർ കോട്ടേൽകുന്ന് റോഡിലെ കാൽനടയാത്രക്കാരും സമീപത്തുള്ള കുടുംബങ്ങളും. കിടങ്ങൂർ പഞ്ചായത്തിലെ കുമ്മണ്ണൂർ വാർഡിലെ കോട്ടേൽകുന്ന് റോഡിന് ഓരം ചേർന്നാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അടിവേരിളകിയ നിലയിൽ ആഞ്ഞിലിമരം നിൽക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന വഴിയുടെ ഓരത്താണ് മരം. കാറ്റിൽ ആടിയുലയുന്ന മരം മുറിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പുതന്നെ സമീപവാസികൾ കിടങ്ങൂർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പക്ഷേ നടപടിയുണ്ടായില്ല. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടുകാർ ജില്ലാ കളക്ടർക്കും പരാതി നൽകി. തുടർന്ന് മരം മുറിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ കിടങ്ങൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയെങ്കിലും ഇതുവരെയും ഇത് നടപ്പാക്കിയിട്ടില്ല. ജില്ലാകളക്ടർക്ക് പുറമേ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും ഇത് സംബന്ധിച്ച് നാട്ടുകാർ പരാതി നൽകിയിരുന്നു.
മരം മുറിക്കാൻ ചെലവ് ചെയ്യണം!
അപകടനിലയിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റുന്നതിന് ചെലവ് ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടതായാണ് പരാതിക്കാർ പറയുന്നത്. സെക്രട്ടറി രണ്ട് തവണ സ്ഥലം സന്ദർശിച്ചെങ്കിലും നടപടിയുണ്ടായില്ല. അതേസമയം മരം മുറിച്ചുമാറ്റുന്നതിന് ആളെ കണ്ടെത്തണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും മുറിച്ചുമാറ്റുന്നതിന് ചെലവാകുന്ന തുക വസ്തു ഉടമയിൽ നിന്ന് ഈടാക്കാൻ വകുപ്പുണ്ടെന്നുമാണ് കിടങ്ങൂർ പഞ്ചായത്ത് സെക്രട്ടറി രാജീവിന്റെ വിശദീകരണം.
 അവർ കൈമലർത്തി
തന്റെ വീടിന് മുന്നിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരം മുറിച്ചുമാറ്റണെമന് ആവശ്യപ്പെട്ട് വിവിധ അധികാരികളെ സമീപിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ കട്ടിണശ്ശേരിൽ കൃഷ്ണകുമാർ പറയുന്നു.
ഫോട്ടോ അടിക്കുറിപ്പ്:
കുമ്മണ്ണൂർ കരോട്ടേകവലകോട്ടേൽകുന്ന് റോഡ് സൈഡിൽ അടിഭാഗം വിട്ട് അപകട നിലയിൽ നിൽക്കുന്ന ആഞ്ഞിലി മരം.