
മുണ്ടക്കയം . സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൂടിയ സാഹചര്യത്തിൽ പനിയും പടർന്ന് പിടിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പനിയ്ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പരിശോധനയിൽ ഇതിൽ പകുതി പേരിലും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. വിശ്രമവും മരുന്നും നൽകി ഇവരെ തിരികെ വീട്ടിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇത് വലിയ ഭീഷണി ഉയർത്തുകയാണ്.
മലയോരമേഖലയിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഴ കനത്തതോടെ പനി കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവിഭാഗം നൽകുന്ന മുന്നറിയിപ്പ്. കുട്ടികളിൽ തക്കാളിപ്പനിയ്ക്കും സാദ്ധ്യതയേറെയാണ്. ശരീരത്തിന്റെ പലഭാഗങ്ങളിലും വൃത്താകൃതിയിലും ചുവപ്പ് നിറത്തിലും കുമിളകൾ കാണപ്പെടുന്നതാണ് പ്രധാന ലക്ഷണം.
എലിപ്പനിയെ പ്രതിരോധിക്കാം
ഡോക്‌സിസൈക്ലിൻ കഴിക്കുക.
മാലിന്യവും മലിനജലവും ഒഴിവാക്കുക.
കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകുക.
മുറിവുള്ളപ്പോൾ വെള്ളക്കെട്ടിൽ ഇറങ്ങരുത്.
ഗം ബൂട്‌സ്, കൈയ്യുറകൾ എന്നിവ ധരിക്കുക.
തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
ഭക്ഷണ പദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക.
എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
പനി, കഠിനമായ തലവേദന, ശരീരവേദന, പേശിവേദന, കണ്ണിൽ ചുവപ്പ്, ക്ഷീണം
സ്വയം ചികിത്സ വേണ്ട.
പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കൊവിഡിന്റെ മാത്രമല്ല എലിപ്പനി, ഡെങ്കിപ്പനി, ജലജന്യരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികളുടെ കൂടെ ലക്ഷണങ്ങൾ ആയതിനാൽ സ്വയം ചികിത്സ ഒഴിവാക്കി കൃത്യമായ ചികിത്സതേടണം.