മുണ്ടക്കയം : ടൗൺ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ പെരുകിയ സാഹചര്യത്തിൽ കാമറകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു. അതിർത്തിപ്രദേശമായതിനാൽ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ജെസ്‌ന തിരോധാനം ഉൾപ്പെടെ പല പ്രധാന കേസുകൾക്കും മുണ്ടക്കയം ടൗൺ പ്രദേശത്തെ വ്യാപര സ്ഥാപനങ്ങളിലെ കാമറകളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു അന്വേഷണ ഏജൻസികൾ. എന്നാൽ പല ദൃശ്യങ്ങളും അവ്യക്തമായാണ് ലഭിച്ചത്. മുണ്ടക്കയം ടൗൺ മേഖലയിലെ രണ്ടോ മൂന്നോ വ്യാപര സ്ഥാപനങ്ങളിൽ മാത്രമാണ് കടയ്ക്ക് പുറത്ത് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ തൊട്ടടുത്ത കടയിൽ മോഷണം നടന്നാൽ പോലും പ്രതിയെ തിരിച്ചറിയാൻ സാധിക്കില്ല.

കഴിഞ്ഞ ദിവസം മുണ്ടക്കയം ബസ് സ്റ്റാൻഡിനുള്ളിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ വാഹനം പോലും തിരിച്ചറിയാനായില്ല. ഒരു മാസം മുമ്പ് പട്ടാപ്പകൽ സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. ബൈക്ക് ഉടമയും സുഹൃത്തുക്കളും ചേർന്ന് കിലോമീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ കാമറയിൽ നിന്നാണ് മോഷ്ടാക്കൾ ബൈക്ക് ഓടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കണ്ടുപിടിച്ചത്.

സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

ബൈപ്പാസ് റോഡിൽ ഉൾപ്പെടെ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ കാമറകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടെങ്കിലും ഡി.പി.സി അംഗീകാരം ലഭിച്ചില്ല. പഞ്ചായത്ത് ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇനി സ്വകാര്യ കമ്പനിവഴി പദ്ധതി നടപ്പാക്കാനാണ് അധികൃതർ നീക്കം നടത്തുന്നത്.