കോട്ടയം: കുമരകത്തിനും അയ്മനത്തിനും പിന്നാലെ നീണ്ടൂർ പഞ്ചായത്തും ഉത്തരവാദിത്വ ടൂറിസ ഭൂപടത്തിലേക്ക് വഞ്ചി തുഴഞ്ഞു കയറുന്നു. കാർഷിക ടൂറിസം മേഖലയായി വളർന്ന നീണ്ടൂരിനെ അഗ്രി ടൂറിസം ഹബ് ആക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം.
ഏറ്റുമാനൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന നീണ്ടുരിനെ സഹകരണ രജിസ്ട്രേഷൻ വകുപ്പ്മന്ത്രി വി .എൻ വാസവൻ മുൻകൈയെടുത്താണ് മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയില്‍ ഉൾപ്പെടുത്തിയത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ടൂറിസം ആസൂത്രണ പദ്ധതിയാണ് മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി. തങ്ങളുടെ പ്രദേശത്ത് ടൂറിസം മേഖലയിൽ നടക്കേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കാൻ ജനങ്ങൾക്കും പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പങ്കാളിത്തം നൽകുന്ന ആസൂത്രണ പ്രക്രിയയാണിത്. നീണ്ടൂർ മാതൃകാ ഉത്തരവാദിത്വ ടൂറിസം പദ്ധതി ഉദ്ഘാടനം സഹകരണ രജിസ്ടേഷൻ മന്ത്രി വി.എൻ.വാസവൻ ഇന്ന് വൈകിട്ട് മൂന്നിന് നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോർഡിനേറ്റർ കെ.രൂപേഷ് കുമാർ പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും. നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് അദ്ധ്യക്ഷനാകും
കുമരകം ഗ്രാമത്തിലായിരുന്നു ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ ഉത്തരവാദിത്വ ടൂറിസം പദ്ധതി ആദ്യം വിജയകരമായി നടപ്പാക്കിയത്. പിന്നീട് അയ്മനം, എഴുമാന്തുരുത്ത്, മറവൻതുരുത്ത്, ആർപ്പുക്കര, തിരുവാർപ്പ് എന്നിവിടങ്ങളിൽ പദ്ധതി വിജയകരമായി നടപ്പാക്കി. ഇനി നീണ്ടൂർ കൂടിയാകുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കുന്ന ജില്ലയായി കോട്ടയവും മണ്ഡലമായി ഏറ്റുമാനൂരും മാറും.
കെ.രൂപേഷ് കുമാർ
ഉത്തരവാദിത്വ ടൂറിസം കോർഡിനേറ്റർ