കുമ്മണ്ണൂർ കോട്ടേൽകുന്ന് റോഡരികിലെ ആഞ്ഞിലിമരം വെട്ടിമാറ്റാത്തതിൽ പ്രതിഷേധം

കുമ്മണ്ണൂർ: കുമ്മണ്ണൂർ കോട്ടേൽകുന്ന് റോഡരികിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന ആഞ്ഞിലിമരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി നാട്ടുകാർ. വീടുകൾക്കും വഴിയാത്രക്കാർക്കും ഭീഷണിയുയർത്തി വേരറ്റുനിൽക്കുന്ന മരം ഉടൻ വെട്ടിമാറ്റിയില്ലെങ്കിൽ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റിനേയും സെക്രട്ടറിയേയും ഓഫീസിൽ ഉപരോധിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം കുമ്മണ്ണൂർ 1135ാം നമ്പർ ശാഖാ ഭാരവാഹികൾ വ്യക്തമാക്കി.

വഴിവക്കിൽ അപകടനിലയിൽ നിൽക്കുന്ന ആഞ്ഞിലി മരത്തെക്കുറിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ ആഞ്ഞിലിമരം വെട്ടിനീക്കണമെന്ന് കുമ്മണ്ണൂർ ശാഖാ പ്രസിഡന്റ് കെ.കെ ഗോപിനാഥൻ കട്ടിണശേരിൽ, സെക്രട്ടറി സി.പി. ജയൻ വേണാട്ടുശേരിൽ എന്നിവർ ആവശ്യപ്പെട്ടു. കാലവർഷത്തിന് മുന്നോടിയായി അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടും നടപടി സ്വീകരിക്കാത്ത കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നിലപാട് അപലപനീയമാണെന്നും ശാഖാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കോട്ടേൽക്കുന്ന് റോഡരുകിൽ നിൽക്കുന്ന ആഞ്ഞിലിമരം അപകടനിലയിലാണെന്ന് നാട്ടുകാർ 2020 മുതൽ പരാതി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ കിടങ്ങൂർ പഞ്ചായത്ത് അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതാണ് വിവാദമായത്.

സ്ഥലം സന്ദർശിച്ചു

മരം വെട്ടിമാറ്റാൻ സാധ്യമായതെല്ലാം ഉടൻ ചെയ്യുമെന്ന് കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബിച്ചൻ കീക്കോലിൽ വ്യക്തമാക്കി.

കേരളകൗമുദി വാർത്തയെ തുടർന്ന് കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബിച്ചൻ കീക്കോലിൽ ഇന്നലെ സ്ഥലം സന്ദർശിച്ചു.