vaccin

കോട്ടയം . ജില്ലയിൽ 12 മുതൽ 14 വയസുള്ള കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത് 61 ശതമാനം പേർ. 55 571 പേരിൽ 33878 പേരാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ 15 മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ 80.6 ശതമാനം പേരും വാക്‌സിനെടുത്തു. 18 വയസിനു മുകളിലുള്ള 15.62 ലക്ഷം പേരിൽ 15.60 ലക്ഷം പേരും വാക്‌സിൻ സ്വീകരിച്ചു. കുട്ടികളിൽ ഒരു വിഭാഗം വാക്‌സിൻ സ്വീകരിക്കാത്തതിനാൽ സ്‌കൂളുകളിൽ രോഗപകർച്ച ഉണ്ടാകാനും ക്ലസ്റ്ററുകൾ രൂപപ്പെടാനും അദ്ധ്യയനം തടസപ്പെടാനും സാദ്ധ്യതയുള്ളതിനാൽ എല്ലാ കുട്ടികൾക്കും വാക്‌സിനേഷൻ ഉറപ്പുവരുത്തണമെന്ന് ഡി എം ഒ നിർദ്ദേശം നൽകി. ഇതിനായി നടപടിയെടുക്കാൻ ഹയർ സെക്കൻഡറി, വിദ്യാഭ്യാസവകുപ്പ്, സഹോദയ, ഐ സി എസ് ഇ. സ്‌കൂളുകൾ എന്നിവയ്ക്ക് നിർദ്ദേശം നൽകി.