കുമരകം: തണൽമരം കണ്ടെയ്നർ ലോറിക്ക് മുകളിലേക്ക് കടപുഴകി വീണ് കുമരകം റോഡിൽ വീണ്ടും അപകടം. കുമരകം- ചേർത്തല റോഡിൽ പുത്തൻ റോഡ് തൊട്ടിച്ചിറ കല്ലുങ്കിന് സമീപം വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ചില്ലയിൽ തട്ടിയതിനെ തുടർന്ന് മരം ലോറിക്ക് മുകളിലേയ്ക്ക് വീഴുകയായിരുന്നു. ലോറിയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ലൈൻ തകരാറിലായി. ഫയർഫോഴ്‌സെത്തി മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

കുമരകം ബോട്ടുജെട്ടി മുതൽ കൈപ്പുഴമുട്ട് വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള തണൽമരങ്ങൾ റോഡിലേയ്ക്ക് ചാഞ്ഞുനിൽക്കുന്ന നിലയിലാണ്. ഇത് അപകടഭീഷണി ഉയർത്തുന്നുണ്ട്. മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് ഏതാനും ദിവസങ്ങൾക്ക് മുമ്പും കുമരകം റോഡിൽ അപകടം സംഭവിച്ചിരുന്നു.


അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനായി പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിൽ പരാതി നൽകിയിട്ടുണ്ട്.
ആർഷ ബൈജു ( കുമരകം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ)

കോട്ടയം കുമരകം ചേർത്തല റോഡിലെ അപകടാവസ്ഥയിൽ നിൽക്കുന്ന തണൽമരങ്ങൾ വെട്ടിമാറ്റുന്നതിന് നടപടി സ്വീകരിയ്ക്കും.
അനുമതി ലഭിച്ചാൽ മരങ്ങൾ മുറിച്ചു മാറ്റും

ജോസ് രാജൻ അസി: എക്‌സി. എൻജിനീയർ കോട്ടയം