covid

കോട്ടയം. എല്ലാം പതിവ് രീതിയിലായതോടെ കൈവിട്ട പ്രതിരോധത്തിനിടെ കൊവിഡ് കുതിക്കുന്നു. പതിവായി നൂറ്റമ്പതിന് മേലെയാണ് രോഗികളുടെ എണ്ണം. സ്കൂളുകൾ തുറന്നതോടെ രക്ഷിതാക്കളും ആശങ്കയിലാണ്. അതേസമയം പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരുടെ എണ്ണം കൂടുകയാണ്.

മൂന്നാഴ്ച മുൻപ് വരെ അമ്പതിന് താഴെയായിരുന്ന കൊവിഡ് രോഗികളാണ് ഇപ്പോൾ നൂറ്റൻപതിലേയ്ക്ക് എത്തിയത്. പനി ബാധിച്ച് ആശുപത്രികളിലെത്തുന്നവരെ പരിശോധിക്കുമ്പോഴാണ് പോസിറ്റീവാണെന്ന് അറിയുന്നത്. ഇതോടെ സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ ഒ.പിയിൽ ചികിത്സ തേടുന്നവരിൽ പനിയുടെ ലക്ഷണങ്ങളുള്ളവരുടെ സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്.

 ജില്ലയിൽ ആയിരത്തിന് മുകളിൽ

ജില്ലയിൽ ഇപ്പോൾ ആയിരത്തിലെറെ പോസിറ്റീവ് കേസുകളുണ്ട്. മുപ്പതിലേറെ പേർ ചികിത്സയിലുണ്ട്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആരുമില്ല. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ടായാലും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.


ഈ മാസം രോഗികളുടെ എണ്ണം.

ബുധൻ. 155.

വ്യാഴം.158.

വെള്ളി. 175.

ശനി.169.

ജില്ലയിൽ വാക്സിൻ സ്വീകരിച്ചവർ.

മുതിർന്നവർ. 96 ശതമാനം.

12 -14 പ്രായക്കാർ. 61 ശതമാനം.

15 - 17 പ്രായക്കാർ. 80.6 ശതമാനം.

മെഡിക്കൽ സ്റ്റോർ ഉടമ അജയ് പറയുന്നു.

'' മാസ്കിന് ഡിമാൻഡ് പകുതിയിലും താഴെയായി. സാനിറ്റൈസറിന്റെ വിൽപ്പനയും ഇടിഞ്ഞു''

ഡി.എം.ഒ പറയുന്നു.

''കുട്ടികളിൽ ഒരു വിഭാഗം വാക്‌സിൻ സ്വീകരിക്കാത്തതുമൂലം സ്‌കൂളുകളിൽ രോഗപകർച്ച ഉണ്ടാകാനും ക്ലസ്റ്ററുകൾ രൂപപ്പെടാനും അദ്ധ്യയനം തടസപ്പെടാനും സാദ്ധ്യതയുള്ളതിനാൽ വാക്‌സിനേഷൻ ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ''