കോട്ടയം : സ്കൂളുകളിൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾ ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ അന്യജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ, ഭക്ഷണമുണ്ടാക്കുന്നതിനുള്ള രജിസ്ട്രേഷൻ പുതുക്കാൻ സ്കൂളുകൾക്ക് മടി. ക്ളാസുകൾ ആരംഭിച്ച് ഒരാഴ്ചയാകുമ്പോഴു പകുതി സ്കൂളുകൾ പോലും രജിസ്ട്രേഷൻ പുതുക്കിയിട്ടില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് കളക്ടറുടെ പരിഗണനയിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി കളക്ടർ ഉത്തരവിറക്കിയേക്കും.
ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. മുഴുവൻ തൊഴിലാളികൾക്കും പരിശീലനം നൽകി. മിക്ക സ്കൂളുകളിലേയും പാചകത്തൊഴിലാളികൾ വർഷങ്ങളായി ഈ മേഖലയിലുള്ളവരാണ്. അദ്ധ്യയന വർഷാരംഭിത്തിന് മുൻപ് മുഴുവൻ സ്കകൂളുകളിലേയും കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി. വകുപ്പിന്റ സഞ്ചരിക്കുന്ന ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കുടിവെള്ളത്തിൽ മാലിന്യമില്ലെന്നും കണ്ടെത്തി.
ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തണം
ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്ന അരി ഉൾപ്പെടെ സാധനങ്ങളുടെ പഴക്കത്തെ കുറിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം ആശങ്ക അറിയിച്ചിട്ടുണ്ട്. അരിയുടെ പഴക്കവും പയറടക്കമുള്ളവയുടെ ഗുണനിലവാരക്കുറവും ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം. രണ്ടു വർഷത്തിന് ശേഷമാണ് പൂർണ തോതിലുള്ള അദ്ധ്യയനം. കാലപ്പഴക്കം ചെന്ന ഭക്ഷ്യസാധനങ്ങൾ എത്തുന്നുണ്ടോയെന്ന് ഹെഡ്മാസ്റ്റർ പരിശോധിച്ച് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
'' രജിസ്ട്രേഷൻ പുതുക്കാത്ത സ്കൂളുകളുടെ പട്ടിക കളക്ടർക്ക് കൈമാറിയിട്ടുണ്ട്. ഭക്ഷ്യബാധയ്ക്കുള്ള സാദ്ധ്യത ജില്ലയിൽ നിലനിൽക്കുന്നില്ല
അലക്സ് കെ.ഐസക്, അസി.കമ്മിഷണർ, ഭക്ഷ്യസുരക്ഷാവിഭാഗം