
പാലാ. സ്തുത്യർഹ സേവനത്തിന്റെ തിളക്കവുമായി കോട്ടയം അഡീ.എസ്.പി. എസ്.സുരേഷ്‌കുമാർ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ഇന്റലിജൻസ് വിഭാഗം എസ്.പി.പദത്തിലേയ്ക്ക്. പെരുമ്പാവൂർ സ്വദേശിയാണെങ്കിലും വർഷങ്ങളായി പാലാ മേവടയിൽ സ്ഥിരതാമസക്കാരനാണ് സുരേഷ് കുമാർ. അഞ്ച് തവണ ബാഡ്ജ് ഒഫ് ഒാണർ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, കുറ്റാന്വേഷണ മികവിനുള്ള രാഷ്ട്രപതിയുടെ മെഡൽ തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്. ഒരു വർഷത്തിലേറെയായി കോട്ടയം അഡീഷണൽ എസ്.പിയായിരുന്നു. ക്രമസമാധാനപാലനത്തിലും കൊവിഡ് നിയന്ത്രണങ്ങളിലും കൂട്ടിക്കലിലെ പ്രളയ രക്ഷാദൗത്യത്തിലുമെല്ലാം സജീവ ഇടപെടലാണ് സുരേഷ്‌കുമാർ നടത്തിയത്.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ആയിരിക്കെ പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപാതകക്കേസ് തെളിയിച്ചതോടെയാണ് ആദ്യമായി ബാഡ്ജ് ഒഫ് ഒാണർ ലഭിക്കുന്നത്. പൊലീസ് നടത്തിയ തന്ത്രപരമായ ഇടപെടലിനെ തുടർന്ന് ഒറ്റ ദിവസം കൊണ്ടു തന്നെ മൃതദേഹം തിരിച്ചറിയുകയും പ്രതിയെ കണ്ടെത്തുകയും ചെയ്തു. ഈ കേസിലെ പ്രതികളെ കഴിഞ്ഞ മാസം ജീവപര്യന്തം തടവിന് കോടതി ശിക്ഷിക്കുകയും ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി ആയിരിക്കെ രണ്ടു തവണ ബാഡ്ജ് ഒഫ് ഒാണർ ലഭിച്ചു. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ രഹസ്യനീക്കങ്ങളിലൂടെ കുടുക്കിയതും അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനുമാണിത്. സംസ്ഥാനം മുഴുവൻ കേന്ദ്രീകരിച്ച് നടന്ന എ.ടി.എം കവർച്ചാകേസിലെ പ്രതികളെ വെളിച്ചത്തു കൊണ്ടുവന്ന ഓപ്പറേഷനിലെ പ്രധാന സൂത്രധാരനെന്ന നിലയ്ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഒാണറും ലഭിച്ചു. 2020ലാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഇദ്ദേഹത്തെ തേടിയെത്തുന്നത്.
രാമപുരത്ത് എസ്.ബി.ഐ. മാനേജരായ മഞ്ജുവാണ് ഭാര്യ. എം.ബി.ബി.എസ്. വിദ്യാർത്ഥിനിയായ അപർണ്ണ, പ്ലസ് ടു വിദ്യാർത്ഥിനി അർച്ചന എന്നിവരാണ് മക്കൾ.