കോട്ടയം : വാഹനയാത്രക്കാർ ജാഗ്രതൈ ! കണ്ണൊന്ന് തെറ്റിയാൽ മതി ഈ കെണിയിൽ വീഴും. കാൽനടയാത്രക്കാരും സൂക്ഷിക്കുന്നത് നല്ലതാണ്. കേരള കൗമുദി റോഡിൽ നിന്ന് എം.ജി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വളവിലാണ് അപകടക്കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതിന് സമീപം കാടുപിടിച്ച് കിടക്കുന്നതിനാൽ കുഴി പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും ഇതുവഴി കടന്നു പോകുന്നുണ്ട്. മുൻപ് ആഴത്തിലുള്ള കുഴിയായിരുന്നു. കനത്തമഴയിൽ മണ്ണ് ഒഴുകിയെത്തി കുഴിയിൽ പതിച്ചതിനാൽ ആഴം കുറഞ്ഞു. കേരള കൗമുദി പോക്കറ്റ് റോഡിൽ നിന്ന് എം.ജി റോഡിലേക്ക് പ്രവേശിക്കുമ്പോൾ എതിർദിശയിൽ വാഹനങ്ങൾ എത്തുമ്പോൾ മറ്റ് വാഹനങ്ങൾ വശത്തേക്ക് ഒതുക്കി കൊടുക്കണം. സ്ഥലപരിചയമില്ലാത്തവരാണേൽ വാഹനങ്ങൾ കുഴിയിൽ അകപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. രാത്രികാലങ്ങളിൽ വെളിച്ചം ഇല്ലാത്തതും ദുരിതം സൃഷ്ടിക്കുന്നു. വളവിൽ എത്തുമ്പോൾ പലപ്പോഴും വലിയ വാഹനങ്ങൾ വേഗത്തിലെത്തി വീശിയെടുക്കുന്നത് എതിർദിശയിലെത്തുന്ന വാഹന ഡ്രൈവർമാരെ ഭയപ്പെടുത്തുകയാണ്.