പാലാ: മഹാഗുരുവിന്റെ തൃക്കൈകളാൽ ആനന്ദഷണ്മുഖനെ പ്രതിഷ്ഠിച്ച പുണ്യദിനമായ ഇന്ന് പുലർച്ചെ മൂന്നിന് ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ ബ്രഹ്മകലശമാടി. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച സമയമായ പുലർച്ചെ 3 ന് ഭക്തരുടെ സമൂഹനാമജപത്തോടുകൂടിയാണ് 109 കലശം ആനന്ദഷണ്മുഖ ഭഗവാനാടിയത്. ഗുരുദേവന് 25 കലശവുമാടി. തന്ത്രി ജ്ഞാനതീർത്ഥ സ്വാമി, മേൽശാന്തി വൈക്കം സനീഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

ഇന്നലെ വൈകിട്ട് ദീപാരാധനയും ദീപക്കാഴ്ചയും ഭജനയും ജ്ഞാനതീർത്ഥ സ്വാമിയുടെ പ്രഭാഷണവും നടന്നു. ഇന്ന് പുലർച്ചെ സരസ്വതീയാമത്തിലാണ് നട തുറന്നത്. രാവിലെ 10ന് തന്ത്രി ജ്ഞാനതീർത്ഥ സ്വാമി പ്രതിഷ്ഠാവാർഷികദിന സന്ദേശം നൽകും. തുടർന്ന് ഉച്ചപൂജയും പ്രസാദവിതരണം നടക്കും. വൈകിട്ട് 5.30 ന് നട തുറക്കൽ, ദീപാരാധന, ദീപക്കാഴ്ച, ഭജന, അത്താഴപൂജ എന്നിവയോടെ പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനമാകും.