കുമരകം: സ്വന്തമായി ഒരു സൈക്കിൾ എന്ന സ്വപ്നമാണ് മികച്ച ചലച്ചിത്ര ബാല താരത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് ആദിത്യൻ മണിക്കുട്ടന് ഇന്ന് സഫലമായത്. സൈക്കിൾ വാങ്ങാൻ സമീപ പ്രദേശത്തെ തോടുകളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചിരുന്ന ആദിത്യന്റെ കുഞ്ഞുമനസിലെ വലിയ സന്തോഷ നിമിഷം കൂടിയായി. ആദിത്യന്റെ ആഗ്രഹം അറിഞ്ഞ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷിക ദിനമായ ഇന്നലെ സൈക്കിൾ വാങ്ങി നൽകുകയായിരുന്നു. പ്രവർത്തകർക്കൊപ്പം പൊങ്ങലക്കരിയിലെ വീട്ടിലെത്തിയ ലിജിൻ അദിത്യന് സൈക്കിൾ കൈമാറി. സംസ്ഥാന അവാർഡ് ലഭിച്ച ശേഷം കുമരകം എട്ടാം വാർഡ് പൊങ്ങലക്കരി കോളനിയിലെ വീട്ടിൽ വാർഡ് മെമ്പർ ഷീമാ രാജേഷിന്റെ നേതൃത്വത്തിൽ ആദിത്യനെ അനുമോദിക്കുന്നതിനായി ബി.ജെ.പി പ്രവർത്തകർ എത്തിയിരുന്നു. അപ്പോഴാണ് സ്വന്തമായി ഒരു സൈക്കിൾ എന്ന ആദിത്യന്റെ സ്വപ്നത്തെ കുറിച്ച് അറിഞ്ഞത്. തുടർന്ന് വിവരം ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശേരി, കുമരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിന്ദു കിഷോർ, ജനറൽ സെക്രട്ടറി മഹേഷ്.കെ.സി, റോയി പതിനെട്ടിൽചിറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എൻ.ജയകുമാർ, പി.കെ.സേതു, ശ്രീജാ സുരേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.