phone

കോട്ടയം. മോഷ്ടിക്കുന്ന മൊബൈൽ ഫോണുകളും പൊളിച്ചുവിൽക്കുകയാണ്. മോഷണം പെരുകുമ്പോഴും പ്രതികളിൽ പത്ത് ശതമാനത്തെപ്പോലും പിടിക്കാൻ കഴിയാത്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. മോഷ്ടിച്ച ഫോൺ ഉപയോഗിച്ചാൽ ഐ.എം.ഇ.ഐ നമ്പരിലൂടെ കണ്ടെത്താനാകുമെന്നതിലാണ് മോഷ്ടാക്കൾ എളുപ്പവഴി തിരഞ്ഞെടുക്കുന്നത്.

മോഷ്ടിച്ച ഫോൺ കൈയിൽ കിട്ടിയാലുടൻ മർമഭാഗങ്ങളായ ഡിസ്‌പ്ളേ, മെയിൻ ബോർഡ് , ബാറ്ററി, സബ് ബോർഡ് ഇവയെല്ലാം വേർതിരിക്കുന്ന സംഘങ്ങൾ നിരവധിയാണ്. മോഷ്ടാവിന് നിശ്ചിത തുക നൽകും. ഈ പാർട്സുകൾ ഒരേ മോഡലുകളിലുള്ള മറ്റ് ഫോണുകളിൽ ഉപയോഗിച്ചാൽ കണ്ടുപിടിക്കാനും കഴിയില്ല. ഉദാഹരണത്തിന് ഇരുപതിനായിരം രൂപയുടെ സ്മാർട്ട് ഫോണിന്റെ ഡിസ്‌പ്ളേയ്ക്ക് കുറഞ്ഞത് എണ്ണായിരം രൂപ വിലയുണ്ട്. ബോർഡിനാവട്ടെ ഫോണിന്റെ 90ശതമാനം വിലകിട്ടും. ബാറ്ററിയും ഫ്രെയിമും എല്ലാം വിറ്റു കാശാക്കാം. സർവീസിന് എത്തുന്ന ഫോണുകളിലാണ് ഇവ ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസമാണ് പ്രമുഖ ന്യൂസ് ചാനൽ ലൈവിനായി ഉപയോഗിച്ചിരുന്ന ഒരു ലക്ഷം രൂപയുടെ ഫോൺ നഗരത്തിൽ നിന്ന് മോഷണം പോയത് . സൈബർ സെല്ലിൽ പരാതി നൽകിയെങ്കിലും ഫോൺ ഓൺ ചെയ്യാത്തതിനാൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതും പൊളിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.

ഐ.എം.ഇ.ഐ നമ്പരും മാറ്റും.

തട്ടിയെടുത്ത ഫോണുകളുടെ സിം കാർഡ് മാറ്റിയാലും ഫോൺ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് കണ്ടെത്താം. എന്നാൽ ഐ.എം.ഇ.ഐ നമ്പർ സോഫ്‌റ്റുവെയർ ഉപയോഗിച്ച് മാറ്റുന്ന വിരുതൻമാരുമുണ്ട്. ഇത് അൽപ്പം മിനക്കേടായതിലാണ് മോഷ്ടിച്ച ഫോൺ ഓൺ ചെയ്യാതെ തന്നെ പാർട്സുകളാക്കുന്നത്.

പൊളിക്കൽ റിസ്ക് ഫ്രീ.

പാർട്സാക്കിയാൽ മോഷ്ടിച്ചതാണെന്ന് കണ്ടെത്താൻ കഴിയില്ല.

പാർട്സായി വിറ്റാൽ മുഴുവനായി വിൽക്കുന്നതിലേക്കാൾ ലാഭം.

പാർട്സുകൾ വിൽക്കുന്നത് ഒറിജിനലിന്റെ മാർക്കറ്റ് വിലയ്ക്ക്.

പാർട്സുകൾ പല ഫോണുകളിൽ, തെളിയിക്കുക അസാദ്ധ്യം.

ഓതറൈസ്ഡ് സർവീസ് സെന്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനു രമേശ് പറയുന്നു.

'' ഈ മേഖലകളിൽ കള്ളനാണയങ്ങളുണ്ടെന്നുള്ളത് സത്യമാണെങ്കിലും ഭൂരിഭാഗവും അങ്ങനെയല്ല. സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ തരുന്നയാളുടെ പൂർണ വിവരങ്ങൾ ശേഖരിക്കണമെന്ന നിർബന്ധമുണ്ട്.'