
പാലാ. വിദ്യാർത്ഥിനികളെ ബസ് ജീവനക്കാർ വശീകരിച്ചു വലയിൽ വീഴ്ത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഏറിയതോടെ പൊലീസ് ശക്തമായ നടപടികളിലേക്കു നീങ്ങുന്നു. ജീവനക്കാരെക്കുറിച്ചുമുള്ള പൂർണ വിവരങ്ങൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് . ഇതോടൊപ്പം സ്‌കൂൾ ബസുകളിലെ ഡ്രൈവർമാർ, ആയമാർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
അഞ്ചുമാസം മുമ്പ് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസിൽ പെൺകുട്ടി പീഡനത്തിനിരയായിരുന്നു. മൂന്നു ദിവസം മുമ്പ് പാലാ - കൂത്താട്ടുകുളം റൂട്ടിലോടുന്ന ക്രിസ്തുരാജ് ബസിലെ ജീവനക്കാരനേയും പോക്‌സോ കേസിൽ അറസ്റ്റു ചെയ്തു.
സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് ഇക്കാര്യത്തിൽ സത്വരശ്രദ്ധ കൊടുക്കുന്നത്. തങ്ങൾ നിയോഗിക്കുന്ന കണ്ടക്ടർമാരോ ഡ്രൈവർമാരോ മറ്റ് ജീവനക്കാരോ ക്രിമിനൽ കേസുകളിലോ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലോ ഇടപെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം സ്വകാര്യബസ് ഉടമകൾ പൊലീസിൽ അറിയിക്കണം. മാത്രമല്ല ഇത്തരം ആളുകളെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു. സ്‌കൂൾ ബസ് ജീവനക്കാരുടെ വിശദാംശങ്ങൾ സംബന്ധിച്ച സാക്ഷ്യപത്രം അതത് സ്‌കൂൾ അധികാരികൾ പൊലീസിൽ ഹാജരാക്കണം.
സ്വകാര്യ ബസുകളിൽ കുട്ടികളെ കയറ്റാത്തതും സീറ്റുകളിൽ ഇരുത്താത്തതും സംബന്ധിച്ചുമുള്ള പരാതികളും ഗൗരവമായി കാണും. ഇത് നേരിട്ട് വിലയിരുത്താൻ മഫ്തി പൊലീസിനെ ബസുകളിലും സ്‌കൂൾ കവാടങ്ങളിലും സ്റ്റാൻഡുകളിലും നിയോഗിക്കും. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളുടെ യാത്ര സംബന്ധമായും മറ്റുമുള്ള പരാതികൾ പരിഹരിക്കുന്നതിന് അടിയന്തിര ശ്രദ്ധ കൊടുക്കാൻ എസ്.എച്ച്.ഒ.മാർക്ക് എ.എസ്.പി നിർദേശം നൽകിയിട്ടുണ്ട്.
പാലാ എ.എസ്.പി. നിധിൻ രാജ് പറയുന്നു.
സ്വകാര്യ ബസുകളുടെയും സ്‌കൂൾ വാഹനങ്ങളുടെയും ജീവനക്കാരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവം ഉണ്ടായാൽ അപ്പോൾത്തന്നെ സ്‌കൂൾ അധികാരികളെയോ മാതാപിതാക്കളെയോ അറിയിക്കണം. അവർ ഇക്കാര്യം മറച്ച് വയ്ക്കാതെ അതത് പൊലീസ് അധികാരികളെയും അറിയിക്കണം.