കുമരകം : മികച്ച ജൈവ കൃഷി കാമ്പസിനുള്ള പുരസ്‌കാരം കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്. സംസ്ഥാന സർക്കാരിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം കൃഷിചെയ്ത മികച്ച പെതുമേഖലാ സ്ഥാപനമെന്ന വിഭാഗത്തിലാണ് പുരസ്കാരം. ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ഏറ്റുമാനൂർ വ്യാപാരഭവനിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവനിൽ നിന്ന് കോളേജ് മാനേജർ എം. മധു, പ്രിൻസിപ്പൾ ഡോ.ജി.പി.സുധീർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് മൂന്നേക്കറോളം സ്ഥലത്ത് വെള്ളരി, പടവലം, ചീര തുടങ്ങി പത്തോളം പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്തത്. മേൽനോട്ടം വഹിച്ച കുമരകം കൃഷി ഓഫീസർ സുനാൽ, മാനേജർ എം മധു, പ്രോഗ്രാം കോ-ഓർഡിനേറ്റർ റീനമോൾ എസ്, എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാർ തുടങ്ങിയവരെ പ്രിൻസിപ്പൾ അഭിനന്ദിച്ചു.