ഏറ്റുമാനൂർ : സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ച തവളക്കുഴി ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ രണ്ട് അപകടങ്ങളിലായി ഒരാൾക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാറുകളും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ പട്ടിത്താനം മടത്തേട്ട് ഷിബുവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിത്താനം ഭാഗത്തു നിന്ന് കാരിത്താസ് ആശുപത്രിയിലേക്ക് വേഗതയിൽ ഓടിച്ചുപോയ കാറാണ് ഓട്ടോറിക്ഷയിലും തുടർന്ന് എതിർദിശയിൽ എത്തിയ കാറിലും ഇടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. 10 മിനിറ്റിന് ശേഷം ഇവിടത്തന്നെ കാറും പാഴ്‌സൽ ലോറിയും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. തവളക്കുഴി ജംഗ്ഷൻ സ്ഥിരം അപകട മേഖലയായതോടെ പ്രദേശവാസികളും ആശങ്കയിലാണ്. വാഹന ഗതാഗത നിയന്ത്രണത്തിനായി പൊലീസിന്റെ സേവനം സ്ഥിരമായി വേണമെന്നാണ് ആവശ്യം.