ചങ്ങനാശേരി : ചെത്തിപ്പുഴക്കടവ് ടൂറിസം പദ്ധതിയ്ക്ക് വീണ്ടും ഉണർവായി, നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കിറ്റ്‌കോയുടെ സഹായത്തോടെ നാല് വർഷം മുൻപ് 50 ലക്ഷം രൂപ ചെലവഴിച്ച് ചെത്തിപ്പുഴക്കടവ് സൗന്ദര്യവത്ക്കരണ പദ്ധതി ആരംഭിച്ചെങ്കിലും പദ്ധതി പാതിവഴിയിലായിരുന്നു. രണ്ട് കോഫി ഷോപ്പുകൾ ഇവിടെ നിർമ്മിച്ചിരുന്നു. കൽപ്പടവുകൾ നിർമ്മിയ്ക്കുകയും കടവിനു ചുറ്റും ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയതോടെ, കടവ് കാടും പോളയും നിറഞ്ഞ നിലയിലായിരുന്നു. ചങ്ങനാശേരി നഗരസഭയുടെയും വാഴപ്പള്ളി പഞ്ചായത്തിന്റെയും അതിർത്തിയിലാണ് കടവ് സ്ഥിതി ചെയ്യുന്നത്. മോർക്കുളങ്ങര, പാലാത്രച്ചിറ ബൈപാസിലൂടെ എം.സി റോഡിനു കുറുകെ ഒഴുകി ബോട്ടുജെട്ടിക്കു സമീപം ചെത്തിപ്പുഴ തോട് എത്തിച്ചേരുന്നത്. ഇടക്കാലത്ത് കടവ് വൃത്തിയാക്കിയിരുന്നെങ്കിലും പോളയും ചെളിയും കുളവാഴയും നിറഞ്ഞു. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ഇടമായി മാറി. നവീകരണ പ്രവർത്തനങ്ങൾ മൂന്ന് ഘട്ടമായാണ് നടക്കുന്നത്. എം.എൽ.എ ഫണ്ടും ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റും ചേർന്നാണ് നവീകരണ പ്രവർത്തനം. ചെത്തിപ്പുഴ കടവ് മുതൽ വെരൂർച്ചിറ പാലം, കണ്ണംപേരൂർച്ചിറ, പാലാത്രച്ചിറ വരെ എന്നിങ്ങനെയാണ് നവീകരണംം. കടവിലെ പോള പൂർണ്ണമായി വാരി നീക്കം ചെയ്തു. രണ്ടാംഘട്ടമായി തോടിന്റെ ആഴം കൂട്ടൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ പറഞ്ഞു.