കറുകച്ചാൽ : റോഡരികിൽ നിന്ന തെങ്ങും പാഴ്മരവും തോട്ടിലേക്ക് കടപുഴകി വീണതിനെ തുടർന്ന് സംരക്ഷണ ഭിത്തി തകർന്ന് റോഡിന്റെ പാതിയോളം ഇടിഞ്ഞു താഴ്ന്നു. ഇലവുങ്കൽ പരുതൂട്ട് റോഡാണ് തകർന്നത്. ഇതോടെ പ്രദേശത്തെ 40 വീടുകളിലേക്കുള്ള ഗതാഗതം മുടങ്ങി. ഒരുവശത്തുകൂടി ഇരുചക്രവാഹനങ്ങൾ മാത്രമാണ് പോകുന്നത്. കഴുന്നുകുഴി, തൊമ്മച്ചേരി തോട് ഏതാനും ദിവസം മുൻപ് തെളിനീരൊഴുകും പദ്ധതി പ്രകാരം വൃത്തിയാക്കിയിരുന്നു. ഇതോടെ തോടിന്റെ അടിഭാഗത്തെ മണ്ണ് ഒഴുകി പോകുകയും നീരൊഴുക്ക് വർദ്ധിച്ചതോടെ മരങ്ങൾ മറിയുകയുമായിരുന്നു. സമാന്തര റോഡുകളില്ലാത്തതിനാൽ പഞ്ചയത്തംഗം കിരൺകുമാർ, ടി.കെ.മോഹനദാസക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് കല്ലും മണ്ണും നിറച്ച് താത്കാലിക ഗതാഗത സൗകര്യമൊരുക്കി. റോഡിന്റെ സംരക്ഷണഭിത്തി നിർമ്മിക്കാൻ 10 ലക്ഷം രൂപയോളം വേണമെന്നും ഇതിനായി അധികൃതർക്ക് അപേക്ഷ നൽകിയെന്നും പഞ്ചായത്തംഗം പറഞ്ഞു.