പാലാ : ചേർപ്പുങ്കലിൽ നിലവിലുണ്ടായിരുന്ന പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണമായി അടച്ച പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ ചേർപ്പുങ്കൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം നടത്തി. തുടർന്ന് ചെറുവാഹനങ്ങൾക്കായി റോഡ് തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധികളും വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും കച്ചവടക്കാരും ചേർന്ന് പാലം ചെറുവാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ചേർപ്പുങ്കൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി പില്ലർ സ്ഥാപിക്കുന്നതിന് പഴയ പാലത്തിന്റെ അപ്രോച്ച്‌ റോഡിനോട്‌ ചേർന്ന് അടിവശം മണ്ണുമാറ്റിയപ്പോൾ മേൽവശത്തെ മണ്ണ് ഇളകിപ്പോയി. ആറ് മാസം മുമ്പ് ഇടിച്ചിൽ തുടങ്ങിയതാണെങ്കിലും അധികൃതർ കണ്ണടയ്ക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, ചേർപ്പുങ്കൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ ടോം വടാന, സെക്രട്ടറി ഷൈജു കോയിക്കൽ, സതീഷ് പൈങ്ങനാമഠം, ആൽബിൻ കോയിക്കൽ,ജോസ് കൊല്ലറാത്ത്, ബിനോയ് ചെല്ലംകോട്ട്, തോമസ് പതിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.