മുണ്ടക്കയം : പ്രളയത്തിൽ നദികളിലും, തോടുകളിലും വന്നടിഞ്ഞുകൂടിയ മണലും, മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലികൾ ഒരു പരിധിവരെ പൂർത്തിയായെങ്കിലും വാരിക്കൂട്ടിയ മണൽ ലേലം ചെയ്യുന്നതിനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധം. പുല്ലകയാറ്റിലും, മണിമലയാറ്റിലും അടിഞ്ഞ് കൂടിയ മണ്ണാണ് വാരിക്കൂട്ടിയിട്ടിരിക്കുന്നത്. പഞ്ചായത്തുകൾക്ക് മണൽ ലേലം ചെയ്യാമെന്ന രീതിയിലായിരുന്നു മണൽ നീക്കം ചെയ്യൽ ആരംഭിച്ചതെങ്കിലും പിന്നീട് നിലപാട് മാറ്റി. കൊക്കയാർ, മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തിന്റെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ആയിരക്കണക്കിന് ലോഡ് മണലാണ് ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മണൽ പാതി ഒലിച്ചു പോയി. കാലവർഷം ശക്തമാകുന്നതോടെ മണൽ വീണ്ടുമൊഴുകി പുല്ലകയാറ്റിലും, മണിമലയാറ്റിലുമെത്തുവാനുള്ള സാദ്ധ്യതയേറെയാണ്. മണൽ ലേലം ചെയ്യുന്നതിനായി റവന്യു വകുപ്പിനെയും, കളക്ടറേയും സമീപിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ പറഞ്ഞു.