poo

കോട്ടയം. സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന നിറവ് പദ്ധതിയുടെ രണ്ടാം ഘട്ടമായി 'ഓണത്തിന് ഒരു കുട്ട പൂവ്' പദ്ധതിക്ക് തുടക്കം കുറിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത്. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് നിര്‍വ്വഹിച്ചു. നിറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി നടപ്പാക്കി വന്‍വിജയം കൈവരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പൂ കൃഷിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് കടക്കുന്നത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ് പദ്ധതിക്കായി തൈകള്‍ വിതരണം ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി തുറുവേലിക്കുന്ന് ക്ഷേത്രത്തിന്റെ അര ഏക്കര്‍ തരിശു ഭൂമിയിലാണ് ജമന്തി പൂവ് കൃഷി ആരംഭിച്ചത്. തുറുവേലിക്കുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവോദയ പുരുഷ സ്വാശ്രയ സംഘത്തിന്റെ സെക്രട്ടറി കെ.ജി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ച പദ്ധതി കാലക്രമേണ മറ്റ് അഞ്ച് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

വൈക്കം തുറുവേലിക്കുന്ന് ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്.ഗോപിനാഥന്‍, ബ്ലോക്ക് പഞ്ചായത്തംഗം സുലോചന പ്രഭാകരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി മനയ്ക്കപ്പറമ്പില്‍, ശ്യാമള, ദീപാമോള്‍, കെ.എസ്.സജീവ്, ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ പി.പി.ശോഭ, ജോയിന്റ് ബി.ഡി.ഒ പ്രശാന്ത് ടി.വി.എന്നിവര്‍ പങ്കെടുത്തു.