jyothis

കോട്ടയം: അതേ, അച്ഛന് ചായക്കടയാണ് - അഭിമാനത്തോടെ പറയുന്നത് കൊച്ചി ഇൻകം ടാക്‌സ് ജോയിന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ. സിവിൽ സർവീസ് പരീക്ഷ ആദ്യമായി മലയാളത്തിലെഴുതി ജയിച്ചണ് ജ്യോതിസ്

റവന്യൂ സർവീസിൽ ജോലി നേടിയത്, 2010ൽ.

ജ്യോതിസിന്റെ പിതാവ് പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം വേലംപറമ്പിൽ മോഹൻ നാട്ടുകാർക്ക് മോഹനേട്ടനാണ്. ആവിപറക്കുന്ന ചായയും ചൂടുകടികളുമായി ഒന്നരപ്പതിറ്റാണ്ടായി നാടിന്റെ വൈകുന്നേരങ്ങൾ ഹൃദ്യമാക്കുകയാണ് മോഹൻ. ജ്യോതിസ് സിവിൽ സർവീസ് കോച്ചിംഗിന് പോകുമ്പോൾ കുടുംബത്തിന്റെ ആകെ വരുമാനം പശുവളർത്തലായിരുന്നു. മൃഗങ്ങളെ ബാധിക്കുന്ന ടി.ബി പകർന്ന് മോഹൻ ഗുരുതരാവസ്ഥയിലായപ്പോൾ പശുവളർത്തൽ മതിയാക്കി. രോഗം മാറി 2007 മുതൽ ചായയും കടികളുമായി അപർണ സ്റ്റോഴ്സ് സജീവമായി. മോഹന്റെ മകളുടെ പേരാണ് കടയ്‌ക്ക്.

ഉച്ചയ്‌ക്ക് ഒന്നുമുതൽ മോഹനേട്ടന് തിരക്കാണ്. കടികൾക്കുള്ള കൂട്ടങ്ങൾ വീട്ടിൽ റെഡിയാക്കും. ജ്യോതിസുള്ളപ്പോൾ കാറിൽ കൊണ്ടാക്കും. നാലു മണി മുതൽ ചായയ്ക്കൊപ്പം കറുമുറാ കൊറിച്ച് രാഷ്ട്രീയവും ചർച്ചയുമൊക്കെയായി ദിവസവും 200 പേരെങ്കിലുമെത്തും.

ചായക്കാരനിൽ നിന്ന് പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയോടുള്ള ആരാധന കൊണ്ട് പഴയ കമ്മ്യൂണിസ്റ്റുകാരനായ മോഹൻ ഇപ്പോൾ ബി.ജെ.പിയിലാണ്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഭാര്യ മിനർവയും മനസ് മാറ്റി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം ചെയർപേഴ്സണുമാണ് മിനർവ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ചിരുന്നു.

മകൻ ഉന്നത ഉദ്യോഗസ്ഥൻ. മരുമകൾ പ്രമുഖ വ്യവസായി തൃശൂർ എലൈറ്റ് ഹോസ്പിറ്റൽ എം.ഡി. ഡോ. പ്രകാശന്റെ മകൾ മേഘ്‌ന. സ്വപ്നതുല്യമായ ജീവിതത്തിലും മോഹൻ വഴികളൊന്നും മറക്കുന്നില്ല.

 ചായയ്ക്ക് സ്റ്റാർ പകിട്ട്

കളക്‌ടർമാരും ജ്യോതിസിന്റെ സിവിൽ സർവീസ് സുഹൃത്തുക്കളും മാത്രമല്ല സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദനും ആസിഫ് അലിയും നൈല ഉഷയുമൊക്കെ കടയിലെത്തി മോഹനേട്ടന്റെ കൈപ്പുണ്യത്തിന് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ചായയ്‌ക്കും കടികൾക്കും 10 രൂപയാണ്.

''എന്തിനാണ് ഇപ്പോഴും അച്ഛൻ ചായക്കട നടത്തുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ചായയും കടികളുമുണ്ടാക്കി ദിവസവും നാടിനോട് സംവദിച്ച് തിരികെ വീട്ടിലെത്തുമ്പോൾ അച്ഛന്റെ ഊർജ്ജം അപാരമാണ്. അച്ഛൻ ആ ആവേശത്തിൽ പോവട്ടെ''

-ജ്യോതിസ് മോഹൻ.