വെച്ചൂർ ഈരയിൽ പാലം അപകടാവസ്ഥയിൽ

വെച്ചൂർ: ജീവൻ പണയംവെച്ച് മറുകരയെത്തണം!. വെച്ചൂർ പഞ്ചായത്ത് ആറാം വാർഡിലെ ഈരയിൽ തോടിനു കുറുകെയുള്ള പാലത്തിലൂടെ യാത്ര ചെയ്യുന്നവരുടെ മനസിൽ ആധിയാണ്. ഏത് നിമിഷവും പാലം തകരാം. ആളും പാലവും ഉൾപ്പെടെ തോട്ടിൽ പതിക്കാം. പലകയും കോൺക്രീ​റ്റ് സ്ലാബും പാകിയ പാലം പാലം ഏറെക്കാലമായി അപകടാവസ്ഥയിലാണ്. വിദ്യാർഥികളടക്കം നിരവധി കുടുംബങ്ങൾ ഈ പാലത്തെ ആശ്രയിച്ചാണ് മറുകര കടക്കുന്നത്. പാലത്തിലെ പലകകളും കോൺക്രീ​റ്റ് സ്ലാബുകളും ജീർണിച്ചു അടർന്ന നിലയിലാണ്. വയോധികരും വിദ്യാർത്ഥികളും ഭയത്തോടെയാണ് പാലം കടക്കുന്നത്. ഓരോ വർഷവും പാലം നാട്ടുകാരാണ് അ​റ്റകു​റ്റപണി നടത്തി സഞ്ചാരയോഗ്യമാക്കുന്നത്. പാലത്തിന്റെ നിർമ്മാണത്തിനായി 50 ലക്ഷത്തിലധികം രൂപ അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ സാങ്കേതികത്വത്തിൽ കുരുങ്ങി നടപ്പായില്ല.

കോൺക്രീ​റ്റ് പാലം നിർമ്മിക്കണം


അപകടനിലയിലായ തടി പാലത്തിന് പകരം വാഹന ഗതാഗതം സാധ്യമാക്കുന്ന കോൺക്രീ​റ്റ് പാലം നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഏതാനും വർഷങ്ങൾക്ക് മുമ്പ് സ്‌കൂളിലേക്കു പോയ ഒൻപതാം ക്ലാസുകാരൻ പലകകൾ ജീർണിച്ചടർന്ന പാലത്തിൽ നിന്ന് വെള്ളത്തിൽ വീണു. പിന്നാലെ വന്ന അനന്ദു ദിലിപ് എന്ന കുട്ടിയാണ് വിദ്യാർത്ഥിയെ കരയ്‌ക്കെത്തിച്ചത്. ധീരതയ്ക്കുള്ള രാഷ്ട്റപതിയുടെ പുരസ്‌കാരവും അനന്ദുവിന് ലഭിച്ചു. പിന്നീടാണ് ഇരുമ്പു കേഡറിൽ പലക പാകി കു​റ്റമ​റ്റ പാലം തീർത്തത്.